സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ചൂരൽമല എന്ന ഗ്രാമം മുഴുവനായി മണ്ണിനടിയിൽ ആയിരിക്കുകയാണ്. ഇപ്പോഴും നിരവധി ആളുകൾ ആണ് മണ്ണിനടിയിൽ കഴിയുന്നത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ദുരന്തത്തിൽ രക്ഷപ്പെട്ടവർ ഇപ്പോൾ അവരുടെ ജീവിതം മെല്ലെ വീണ്ടെടുക്കുന്ന പ്രക്രിയയിലാണ്. ഇപ്പോൾ മണ്ണിൽ മൂടിക്കിടക്കുന്ന തന്റെ ഓട്ടോറിക്ഷ നോക്കി നെടുവീർപ്പിടുകയാണ് ഒരാൾ. ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാൽ ഒരാഴ്ച മുൻപ് വരെ ഈ ഓട്ടോറിക്ഷയിൽ പതിവായി യാത്ര ചെയ്തിരുന്നവർ പലരും ഇന്ന് ജീവനോടെയില്ല.
ചൂരൽ മലയിലെ പന്ത്രണ്ടാം പാടിയിൽ താമസിക്കുന്ന വ്യക്തിയായിരുന്നു അശോക് കുമാർ. മൂന്നു മാസങ്ങൾക്ക് മുൻപായിരുന്നു ഇദ്ദേഹം ഈ ഓട്ടോറിക്ഷ വാങ്ങിയത്. മൂന്നുലക്ഷം രൂപ വായ്പ എടുത്താണ് ഇദ്ദേഹം ഈ ഓട്ടോറിക്ഷ വാങ്ങിയത്. കൂലിപ്പണിക്കാരൻ ആയിരുന്നു ഇദ്ദേഹം. എന്നാൽ ഒരു ആക്സിഡൻറ് പറ്റിയതിനു ശേഷം ഇദ്ദേഹം ഓട്ടോറിക്ഷ ഓടിക്കുവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിൻറെ പ്രതീക്ഷകൾ എല്ലാം ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്.
ദുരന്തം നടന്ന ദിവസവും ഇദ്ദേഹം ഓട്ടം ഓടിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ സമയത്ത് ശക്തമായ മഴയായിരുന്നു. മഴയുള്ള ദിവസങ്ങളിൽ ഇദ്ദേഹം ഓട്ടോറിക്ഷ ചൂരൽ മലയിലെ കടകൾക്ക് മുന്നിലാണ് നിർത്തിയിടാറുള്ളത്. വീട്ടിലേക്ക് കൊണ്ടുപോകാറില്ലായിരുന്നു. കടയ്ക്കു മുൻപിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിട്ട് ഇദ്ദേഹം വീട്ടിലേക്ക് നടന്നു പോവുകയാണ് പതിവ്. അങ്ങനെ പോയ രാത്രിയിലാണ് ഇദ്ദേഹത്തിന്റെയും അതുപോലെ 100 കണക്കിന് ആളുകളുടെയും സ്വപ്നങ്ങൾ എല്ലാം തകർത്തുകൊണ്ട് ആ ദുരന്തം ഉണ്ടായത്.
മഴവെള്ളപ്പാച്ചിലിൽ ഇദ്ദേഹത്തിൻറെ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അകത്തും പുറത്തും എല്ലാം ചെളി നിറഞ്ഞു. ഇപ്പോഴും മണ്ണിൽ പൂണ്ടുകിടക്കുന്ന രീതിയിലാണ് ഓട്ടോറിക്ഷ. ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ ഓട്ടോറിക്ഷ കാണുവാൻ വേണ്ടി എത്തിയിരിക്കുന്ന കാഴ്ചകൾ ആണ് ഹൃദയഭേദകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കണ്ടുനിൽക്കുന്ന ഓരോരുത്തരുടെയും കരളലിയിക്കുന്ന രംഗം തന്നെയാണ് ഇത്.