ദളപതിക്ക് ഒപ്പം ചിമ്പുവും വാരിസില്‍; താരത്തിന്റെ റോള്‍ എന്താണെന്ന് അറിയാമോ, ആഘോഷമാക്കി സിനിമ പ്രേമികള്‍

ദളപതി ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് വാരിസ്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാല്‍ സിനിമയെ കുറിച്ച് എത്തുന്ന ചെറിയ റിപ്പോര്‍ട്ടുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ആവേശത്തിലായിരിക്കുകയാണ് സിനിമ പ്രേമികള്‍. ദളപതി ചിത്രത്തില്‍ ചിമ്പുവും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സിനിമ പ്രേമികളെ ആവേശത്തിലാക്കുന്നത്.

എന്നാല്‍ വിജയിക്ക് ഒപ്പം അഭിനയിക്കാനല്ല, വിജയ് ചിത്രത്തില്‍ ഗാനം ആലപിക്കാനാണ് ചിമ്പു എത്തുന്നത്. ഇന്ത്യഗ്ലിറ്റ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ചിമ്പുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ തമന്‍ ആണ്.

സുഹൃത്ത് തമനും സഹോദരനായി കാണുന്ന ദളപതി വിജയ്ക്കും വേണ്ടിയാണ് ചിമ്പു വാരിസില്‍ പാടാന്‍ പോകുന്നതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള താരം കൂടിയാണ് ചിമ്പു. അടുത്തിടെ ഹിറ്റായ ബുള്ളറ്റ് സോങ് ആലപിച്ചതും ചിമ്പുവായിരുന്നു. അതേസമയം ചിത്രത്തില്‍ വിജയിയും ഗാനം ആലപിച്ചിട്ടുണ്ട്.

അതേസമയം സിനിമയുടെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പുരോഗിക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തോടുകൂടി ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് വിവരം.