കനത്ത മഴയില്‍ കുതിരപുറത്ത് ഭക്ഷണമെത്തിച്ച് ഡെലിവറി ബോയ്; വൈറലായി വിഡിയോ

കനത്ത മഴയില്‍ കുതിരപുറത്ത് ഭക്ഷണമെത്തിച്ച് ഡെലിവറി ബോയ്. മുംബൈയിലാണ് സംഭവം. മുംബൈയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ്. ഇതിനിടെയാണ് കുതിരപ്പുറത്ത് ഡെലിവറി ബോയ് എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഡെലിവറി ബാഗും പുറത്തിട്ട് കുതിരപ്പുറത്ത് പോകുന്ന യുവാവാണ് വിഡിയോയില്‍. കനത്ത മഴ പെയ്യുന്നത് കാണാം. സംഭവം ശ്രദ്ധയില്‍പ്പെട്ട ചില യാത്രക്കാരാണ് വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

വിഡിയോ കണ്ടവരെല്ലാം ഡെലിവറി ബോയിയെ പ്രശംസിച്ചു. ‘ഈശ്വരാ അയാളുടെ കയ്യില്‍ പിസയാവല്ലേ..’ എന്നാണ് ഒരാള്‍ എഴുതിയത്. ഡെലിവറി ബോയുടെ ജോലിയോടുള്ള സമര്‍പ്പണത്തെ പുകഴ്ത്തി നിരവധി പേര്‍ ഇതിനോടകം വിഡിയോ ഷെയര്‍ ചെയ്ത് കഴിഞ്ഞു.