
തെറ്റ് ചെയ്താല്‍ പേടിച്ചാല്‍ മതിയെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സ്വപ്‌ന സുരേഷ് തനിക്ക് ആരേയും പേടിയില്ല. ചുമത്തിയിരിക്കുന്ന ഗൂഢാലോചന കേസ് വ്യാജമാണ്. ആദ്യം ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇത് പിന്നീട് മാറ്റി. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു സ്വപ്നയുടെ പ്രതികരണം.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ് ക്ലബിലാണ് സ്വപ്നാ സുരേഷ് എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യുന്നത്. നേരത്തെ കേസില്‍ രണ്ടുതവണ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇഡിയുടെ ചോദ്യംചെയ്യല്‍ തുടരുന്നതിനാല്‍ സ്വപ്ന ഹാജരായിരുന്നില്ല.
അതേസമയം ഗൂഢാലോചനാകേസില്‍ സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്നക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്വപ്ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നല്‍കിയെന്നാണ് കേസ്. കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് വിജു അബ്രഹാമാണ് സ്വപ്നയുടെ ഹര്‍ജി പരിഗണിക്കുന്നത്.