കേരളക്കര വലിയ രീതിയിൽ ചർച്ച ചെയ്ത വിഷയമായിരുന്നു ട്രാൻസ്ജെൻഡർ അനന്യയുടെ മരണം.ഇപ്പോഴിതാ അനന്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ. കൈരളി ടിവിയോടാണ് പ്രതികരണം. അനന്യയുടെ മരണം തനിക്ക് ആഘാതമായിരുന്നെന്ന് സൂര്യ ഇഷാൻ പറയുന്നു. മരിക്കുന്നതിന് മുമ്പത്തെ ദിവസങ്ങളിലാണ് എന്റെ വീടിന്റെ കുറച്ചപ്പുറത്തേക്ക് വീട് മാറുന്നത്. ഞാനും രഞ്ജുമയുമെല്ലാം അവിടെ രാവിലെ പാല് കാച്ചലിന് പോയി. വീട്ട് സാധനങ്ങൾ എത്തിക്കാനുള്ള ആളെ ഏർപ്പാടാക്കി.ഒരു ട്രിപ്പ് സാധനങ്ങൾ കൊണ്ട് വന്ന് രണ്ടാമത്തെ ട്രിപ്പ് ആയപ്പോഴേക്കും ആൾ പോയി. മരണപ്പെട്ടു എന്നറിയിക്കുമ്പോൾ ഞാൻ പോയി. ആദ്യമായാണ് ഒരാൾ തൂങ്ങിയത് കാണുന്നത്. അതും എനിക്ക് വേണ്ടപ്പെട്ട ആൾ. അത് വലിയ ഷോക്കായിരുന്നു.
മറ്റൊന്ന്,എനിക്ക് വിഷമമുണ്ട്. അതാരോടും പറയാൻ പറ്റുന്നില്ല. അതിനിടയിൽ സോഷ്യൽ മീഡിയ അറ്റാക്കും ഫാമിലിക്കുണ്ടാകുന്ന അറ്റാക്കും. ഇതൊന്നും മനസിലാക്കാതെ കുറേ ആൾക്കാരും. ആൾ മരിച്ചതിനെക്കുറിച്ചുള്ള സത്യം എന്താണെന്ന് പുറത്ത് വന്നോ എന്ന് ഇപ്പോഴും എനിക്കറിയില്ല. കൂടെയുണ്ടായിരുന്ന പങ്കാളിയും മരിക്കുന്നു. എന്റെ ഭർത്താവാണ് അനന്യ മരിച്ചപ്പോൾ കൊണ്ട് പോയത്. ആൾക്കതിന്റെ ട്രോമയും.എല്ലാവർക്കും ഡിപ്രഷൻ. ഒരു വർഷം അതിന്റെ വിഷമമുണ്ടായി. ഇന്നും അവൾ ഞങ്ങളെ വിട്ട് പോയെന്ന് തോന്നുന്നില്ല. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ വ്യക്തിയാണ് വിട്ട് പോയത്. ജീവിതത്തിൽ നിന്ന് പോയെങ്കിലും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് കരുതുന്നതെന്നും സൂര്യ ഇഷാൻ പറയുന്നു. വളരെ നല്ല വ്യക്തിയായിരുന്നു അവൾ. നന്നായി സ്നേഹിക്കും.