ചെറിയ ഐറ്റമല്ല, ഹെവി സിനിമ; സൂര്യ-ശിവ ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍ കേട്ടോ,കൂടുതല്‍ വിവരങ്ങളുമായി ചിത്രത്തിന്റെ മലയാളി എഡിറ്റര്‍

പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രൊജക്ടാണ് സൂര്യ-സിരുത്തൈ ശിവ സിനിമ. പീരിയോഡിക് ഡ്രാമയായി ഒരുങ്ങുന്ന സിനിമ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ഒരുങ്ങുക എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കൂടി എത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും ഉയര്‍ന്നിരുന്നു. കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സൂര്യ, ഈ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി ഉയരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ഈ മാസ്സ് ആക്ഷന്‍ ഫാന്റസി ഡ്രാമ ത്രീഡിയില്‍ കൂടിയാണ് ഒരുക്കുന്നത്.

ഇപ്പോഴിത സിനിമയെ കുറിച്ച് എത്തുന്ന പുതിയ അപ്‌ഡേഷന്‍ കേട്ട് ആവേശത്തിലാണ് സിനിമ പ്രേമികള്‍. ആയിരം വര്‍ഷം മുമ്പേ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും, അതിനൊപ്പം വര്‍ത്തമാന കാലവും ഷൂട്ട് ചെയ്യുന്നുണ്ടെന്നും ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് പറയുന്നു.

സൂര്യയുടെ ഇന്‍ട്രോഡക്ഷന്‍ അടക്കമുള്ള ഭാഗങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്‌തെന്നും, ഇനിയുള്ള ഭാഗങ്ങള്‍ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്യുമെന്നുമാണ് നിഷാദ് പറയുന്നത്.

ഇനി ഷൂട്ട് ചെയ്യാനുള്ളത് വമ്പന്‍ ആക്ഷന്‍ സീനുകളാണെന്നും അവിടുള്ള വനാന്തരങ്ങളില്‍ ആയിരിക്കും കൂടൂതല്‍ ഷൂട്ടെന്നും നിഷാദ് യൂസഫ് പറഞ്ഞു.ചിത്രത്തിന് ചിത്ര സംയോജനം നടത്തുന്ന നിഷാദ് മലയാളി കൂടിയാണ്.

തല്ലുമാല, ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുന്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കിയ ചാവേര്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിഷാദ് യൂസഫ് ഈ സൂര്യ- ശിവ ചിത്രത്തില്‍ ജോയിന് ചെയ്തത്.

സൂര്യയുടെ 42 ആം ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണി ആണ്.