തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു.ഐപിസി ആക്ട്, മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ്. സുരേഷ് ഗോപിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് നടപടി. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്ന് എഫ് ഐ ആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത് എന്ന് പരാതിയില്‍ പറയുന്നു. സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു. സേവാഭാരതിയുടെ ആംബുലന്‍സില്‍ ആയിരുന്നു സുരേഷ് ഗോപി എത്തിയത്.ഇത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ എത്തി എന്നത് ആദ്യഘട്ടത്തില്‍ നിഷേധിച്ച സുരേഷ് ഗോപി ദൃശ്യങ്ങള്‍ മായക്കാഴ്ച എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് താന്‍ ആംബുലന്‍സിലാണ് വന്നത് സമ്മതിക്കുകയും ചെയ്തു. കാറില്‍ വരുന്നതിനിടെ ചില ഗുണ്ടകള്‍ ആക്രമിച്ചു എന്നും കാലിന് സുഖമില്ലാത്തതിനാല്‍ എന്നെ ചില യുവാക്കള്‍ എടുത്താണ് ആംബുലന്‍സിലേക്ക് കയറ്റിയത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.