ഐപിഎല്‍ ഫൈനലിലെ ഒത്തുകളി ആരോപണങ്ങള്‍ക്ക് ബലം നല്കി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഹര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സും സഞ്ജു സാംസന്റെ രാജസ്ഥാന് റോയല്‍സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിനെതിരെയാണ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയത്.
ഗുജറാത്തിന്റെ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യമാണ് സുബ്രമണ്യന്‍ സ്വാമിയും ഏറ്റുപിടിച്ചിരിക്കുന്നത്. ടാറ്റാ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫലത്തില്‍ കൃത്രിമം നടന്നതായി ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ വ്യാപകമായ സംശയമുണ്ടെന്ന് സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. സംശയം നീക്കാന്‍ അന്വേഷണം ആവശ്യമാണ്. അതിന് പൊതുതാല്പര്യ ഹര്‍ജി തന്നെ വേണ്ടിവരും. അമിത് ഷായുടെ മകന് ബി.സി.സി.ഐ തലവനായതുകൊണ്ട് സര്‍ക്കാര്‍ നേരിട്ട് അന്വേഷണം നടത്തില്ലെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ഫൈനലില്‍ ടോസ് ലഭിച്ചിട്ടും സഞ്ജു സാംസണ് ബാറ്റിംഗ് തെരഞ്ഞെടുത്തത് വലിയ സംശയമുയര്‍ത്തിയിരുന്നു. അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ ചേസ് ചെയ്യുന്നവര്‍ക്കൊപ്പമാണ് കൂടുതല്‍ തവണയും വിജയം നിന്നിട്ടുള്ളത്. ഇതിനൊപ്പം ഗുജറാത്തിന്റെ ചേസിങ് റെക്കോര്‍ഡും സഞ്ജു കണക്കിലെടുത്തിരുന്നില്ല.