58 ശതമാനം പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനം

ലോകത്ത് പടര്‍ന്നു പിടിക്കുന്ന 58 ശതമാനം പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനം. അപകടകരമായ കാലാവസ്ഥ വ്യതിയാനം വിവിധതരം രോഗങ്ങളിലേക്ക് നയിക്കുന്നതായി നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥയുടെ സ്വാധീനം മനുഷ്യന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്നാണ് ഈ പഠനങ്ങള്‍ തെളിയിക്കുന്നത്. കാലാവസ്ഥ മാറുമ്പോള്‍ ഈ രോഗങ്ങളുടെ സാധ്യത മാറുകയാണ്. കാലാവസ്ഥാ മാറ്റവും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ പകര്‍ച്ചവ്യാധികള്‍ കൂടാതെ, ആസ്തമ, അലര്‍ജികള്‍, മൃഗങ്ങളുടെ കടികളില്‍ നിന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം രോഗങ്ങളും ഗവേഷകര്‍ പഠനവിധേയമാക്കി. 286 രോഗങ്ങളെ വിശകലനം ചെയ്തപ്പോള്‍ 222 എണ്ണം കാലാവസ്ഥ വ്യതിയാനം മൂലം വഷളായതായി കണ്ടെത്തി.

യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ റെക്കോര്‍ഡ് ചൂടില്‍ പൊള്ളിക്കൊണ്ടിരിക്കുമ്പോള്‍, മറ്റു ചില ഭാഗങ്ങള്‍ വെള്ളപ്പൊക്കം മൂലം നാശമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, നൂറുകണക്കിന് ഏക്കര്‍ ഭൂമി കത്തിനശിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത അതിരൂക്ഷമായ കാട്ടുതീയിനെയാണ് യു.എസ് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം. ഈ കാലാവസ്ഥ വ്യതിയാനങ്ങള്‍ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.