പൂച്ച കടിച്ചതിന് കുത്തിവയ്‌പെടുക്കാന്‍ വന്നു; ആശുപത്രിയില്‍ യുവതിക്ക് നേരെ തെരുവ് നായയുടെ ആക്രമണം

തിരുവനന്തപുരത്ത് ആശുപത്രിക്കുള്ളില്‍ തെരുവുനായയുടെ ആക്രമണം. വിഴിഞ്ഞത്താണ് സംഭവം നടന്നത്. ചപ്പാത്ത് സ്വദേശി അപര്‍ണയുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവയ്പ് എടുക്കാനാണ് അപര്‍ണ ആശുപത്രിയിലെത്തിയത്. പരുക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിക്കുള്ളില്‍വച്ചാണ് അപര്‍ണയെ തെരുവുനായ കടിച്ചത്. വീട്ടിലെ പൂച്ച കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. കാലില്‍ ആഴത്തിലുള്ള മുറിവേറ്റു.

പ്രദേശത്ത് നിരവധി തെരുവുനായ്ക്കള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിക്കുള്ളില്‍ കയറി ഒരാളെ കടിച്ച സംഭവം ഇതാദ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.