മഹാരാഷ്ട്രയില്‍ പത്താം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദഹാനുവിലാണ് സംഭവം. പിതാവിന്റെ കാറെടുത്താണ് വിദ്യാര്‍ത്ഥി കറങ്ങാന്‍ ഇറങ്ങിയത്. കനത്ത മഴയില്‍ വിദ്യാര്‍ത്ഥിക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ദഹാനു മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരത് റൗട്ട് (55), വങ്കേഷ് സോപ്പ് (38) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ 16 കാരനും പരുക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടി കാറില്‍ തനിച്ചായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 8.30 ഓടെ ദഹാനു-ബോര്‍ഡി സംസ്ഥാന പാതയില്‍ പര്ണാകയില് എത്തിയപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് മരിച്ച രണ്ടുപേരും ഇരുവരും ഹോട്ടലിന് സമീപം കയറി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞ് കയറിയത്. ശേഷം ഹോട്ടലിന്റെ മതിലില്‍ കാര്‍ ഇടിച്ചു നിന്നു. നാട്ടുകാരാണ് ഇരുവരെയും ദഹാനുവിലെ കോട്ടേജ് ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടിയെ പൊലീസിന് കൈമാറി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 304, മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തതായി പിഐ നാംദേവ് ബന്ദ്ഗര്‍ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, അയാളെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.