പാടാത്ത പൈങ്കിളിയില് നിന്നും സൂരജ് പിന്മാറിയത് ആരാധകരെ ഏറെ സങ്കടത്തില്‍ ആക്കിയിരുന്നു. ഒരു പക്ഷേ ഇന്നുവരെ ഒരു സീരിയല്‍ നടന് പോലും കൊടക്കാത്ത പരിഗണനയാണ് സൂരജിന് പ്രേക്ഷകര്‍ കൊടുത്തത്. ഇപ്പോഴും നടനോട് തിരിച്ചു വരാന്‍ തന്നെയാണ് ആരാധകര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.
എന്നാല്‍ തന്റെ ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് തല്ക്കാലം അഭിനയം നിര്‍ത്തിയത് എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്. ഇപ്പോഴും തന്റെ വിശേഷം പങ്കുവെച്ച് സൂരജ് എത്താറുണ്ട്. ഇടക്കിടെ ആരാധകരുടെ ചോദ്യത്തിനും നടന് മറുപടി പറയാറുണ്ട്. മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ജീവിതത്തില്‍ ഒരുപാട് തോല്‍വികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ എത്ര തോല്‍വി നേരിടേണ്ടി വന്നാലും സ്വന്തം മനസാക്ഷിയോട് നമ്മള് തോറ്റെന്ന് നമ്മള് സമ്മതിക്കരുത്.
ജയിക്കുമെന്ന വിശ്വാസത്തോടെ തോല്‍വികള്‍ തരണം ചെയ്ത് മുന്നോട്ട് പോവണമെന്ന് പറഞ്ഞുള്ള വീഡിയോയും സൂരജ് പങ്കുവെച്ചിരുന്നു. തോല്‍വിയെ നേരിടാം, പക്ഷേ, തോറ്റുപോകരുതെന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.
ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളും സാഹചര്യങ്ങളും കടന്നുപോയി. അന്നൊക്കെ അച്ഛനും അമ്മയും അതിനെ പുഷ്പം പോലെ തട്ടിനീക്കി. ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ ആരൊക്കെയോ ഉള്ള പോലെ തോന്നി. അതൊരു കരുത്തായി തോന്നി. പിന്നെ ആരുടെ മുന്നിലും തോറ്റു കൊടുത്തില്ലാ. കരുത്തോടെ നിന്നു. എന്റെ ജീവിതമാണ് സൂരജേട്ടനോട് തുറന്നു പറഞ്ഞത്. ഇപ്പോള്‍ സന്തോഷമുണ്ട്. ഒരാള്‍ക്കും തെറ്റായ വാക്കുകള്‍ ഉന്നയിക്കാന്‍ വിട്ടുകൊടുത്തില്ല ഞാന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്.