വര്‍ഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നു, പിന്നീട് അത് നിര്‍ത്തേണ്ടി വന്നു; തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങളെ കുറിച്ച് ശ്രുതി ഹാസന്‍

അച്ഛന് പിന്നാലെ അഭിനയ ലോകത്തേക്ക് എത്തുകയായിരുന്നു മകള്‍ ശ്രുതി ഹാസനും. അഭിനയത്തിന് പുറമേ സംഗീതം, നൃത്തം, മോഡലിംഗ് എന്നീ മേഖലകളിലും താരം തിളങ്ങിയിരുന്നു. സ്വന്തമായി നിരവധി ആല്‍ബങ്ങളും നിര്‍മ്മിച്ചിട്ടുണ്ട് ശ്രുതി. 2009 ല്‍ റിലീസ് ചെയ്ത ലക്ക് എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രുതിക്ക്. തമിഴില്‍ സൂര്യയുടെ നായികയായി ഏഴാം അറിവ് എന്ന ചിത്രത്തിലും അഭിനയിച്ചു. ചിത്രം വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. എല്ലാം വെട്ടി തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് ശ്രുതി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും പിന്നീട് അത് നിര്‍ത്തേണ്ടിവന്നു എന്നും പറയുകയാണ് ശ്രുതി ഇപ്പോള്‍. തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങളെക്കുറിച്ചും ശ്രുതി വെളിപ്പെടുത്തി.


പിസിഒഎസ് എന്ന അസുഖവുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നുമാണ് ശ്രുതി ഹാസന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. തന്നെ ബാധിച്ചിരിക്കുന്ന പിസിഒഎഎസിനെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ചും നടി ഇന്‍സ്റ്റഗ്രാമിലൂടെ വിശദീകരിച്ചു.


‘പിസിഒഎഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു. എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതും അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം.’ ‘പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു.’ ‘എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ… ഞാന്‍ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം.’

‘പക്ഷേ ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്’ ശ്രുതി വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് കുറിച്ചു.