ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരെ കാണാനില്ല എന്ന് പ്രദേശവാസി.തന്റെ വീടിന് താഴെയുള്ള പല വീടുകളും കാണാനില്ല എന്നും മൂന്നാള് പൊക്കത്തില്‍ മണ്ണ് വന്ന് അടിഞ്ഞിരിക്കുകയാണ് എന്നും യൂനൂസ് പറയുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ഞാന്‍ ചൂരല്‍മലയുടെ അടുത്താണ് നില്‍ക്കുന്നത്. വളരെ പ്രയാസപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നത്. എന്റെ സുഹൃത്തിന്റെ കുടുംബം മണ്ണിനടിയില്‍പ്പെട്ട് പോയി. ഇന്നലെ രാത്രി എട്ട് മണി വരെ അവന്റെ വീട്ടിലുണ്ടായിരുന്നു ഞാന്‍. അവന്റെ വീട്ടിലെ ഒമ്പത് പേരടങ്ങുന്ന കുടുംബത്തെ കാണുന്നില്ല. മണ്ണിനടിയിലാണ് ഉള്ളത്. എന്റെ വീടിന്റെ താഴെ ആകെ മൂന്ന് വീടേ ഉള്ളൂ. ബാക്കി വീടൊന്നും കാണുന്നില്ല.
മറ്റൊന്ന് ചൂരല്‍മാല പാലത്തില്‍ നിന്ന് എച്ച്എസ് റോഡുണ്ട്. അവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ മുകളിലാണ് ഞാന്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമാണ്. പുഴ മാറിയൊഴുകി വലിയ മരങ്ങളും പാറക്കെട്ടുകളുമൊക്കെ മൂന്നാള് പൊക്കത്തില്‍ വന്ന് അടിഞ്ഞിട്ടുണ്ട്. രാത്രി ഏഴ് മണിക്ക് അവരുമായി സംസാരിച്ചിരുന്നു. നമുക്ക് പേടിക്കാനൊന്നുമില്ല. നമ്മളുടെ വീട് മുകളിലാണ്, അത്ര ഉയരത്തില്‍ വെള്ളം വരില്ല എന്ന് അവന് പറഞ്ഞിരുന്നു.അവന്റെ ബന്ധുക്കള്‍ മുണ്ടക്കൈ എന്ന സ്ഥലത്തുണ്ട്. മൂന്ന് കുട്ടികളും ഗര്‍ഭിണിയായ ഭാര്യയും ഉണ്ട്. അവരെ ഇവിടെ കൊണ്ട് നിര്‍ത്തിയിരുന്നു. അവന്റെ കുടുംബത്തിലെ എല്ലാവരുടേയും നമ്പര്‍ എന്റെ കൈയിലുണ്ട്. എല്ലാം സ്വിച്ച് ഓഫ് ആണ്. അവന്റെ വീട് നില്ക്കുന്ന സ്ഥലം വരെ ഞാന്‍ പ്രയാസപ്പെട്ട് പോയി നോക്കി. ആ ഭാഗം മനസിലാകുന്നത് പോലുമില്ല. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം, രക്ഷിക്കണം എന്നാണ് പറയുന്നത്