‘ഏറ്റവും മികച്ച താരങ്ങളിലൊരാള്‍, പക്ഷേ സഞ്ജു നിര്‍ഭാഗ്യവാന്‍’: ശുഐബ് അക്തര്‍

മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ഭാഗ്യവാനെന്ന് ശുഐബ് അക്തര്‍. ഇന്ത്യക്കായി സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്നു. ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സഞ്ജു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശുഐബ് അക്തര്‍ പറഞ്ഞു. ഇന്നലെ രാജസ്ഥാന്‍-ബംഗളുരു മത്സരത്തിന് മുന്നോടിയായി സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ്‌കീഡ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ശുഐബ് അക്തര്‍ സഞ്ജുവിനെക്കുറിച്ച് പരാമര്‍ശിച്ചത്.

സഞ്ജു സാംസണ്‍ ഇതുവരെ പതിമൂന്ന് ട്വന്റി 20 കളിലും ഒരു ഏകദിനത്തിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2011ലായിരുന്നു സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ദോണി വിരമിച്ചപ്പോള്‍ ഋഷഭ് പന്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കപ്പെട്ടു. ഫെബ്രുവരിയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിലാണ് പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്. ആദ്യ മത്സരത്തില്‍ 39 ഉം രണ്ടാം മത്സരത്തില്‍ 18 റണ്‍സുമാണ് സഞ്ജു എടുത്തത്.