
‘പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം കോളജില്‍ ചേരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം അവള്‍ക്ക് റിസപ്ഷനിസ്റ്റായി ജോലിക്ക് കയറേണ്ടി വന്നു. ആദ്യ ശമ്പളം വാങ്ങുന്നതിന് മുന്‍പ് ആ ദുഷ്ടന്മാര്‍ അവളെ കൊന്നു കളഞ്ഞു’- ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് ജീവനക്കാരിയായ പത്തൊന്‍പതുകാരി അങ്കിതയുടെ ബന്ധുക്കള്‍ പറഞ്ഞതാണിത്. അവളുടെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് ബന്ധുക്കള്‍ ഇതുവരെ മോചിതരായിട്ടില്ല. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് അവര്‍ പറയുന്നത്.
ഭോട്ട് ശ്രീകോട്ട് എന്ന ഗ്രാമത്തില്‍ നിന്നുള്ളതാണ് പെണ്‍കുട്ടി. ഇവിടെ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് അവള്‍ ജോലിക്ക് കയറിയ റിസോര്‍ട്ട്. ഓഗസ്റ്റ് 28നായിരുന്നു അവള്‍ ജോലിയില്‍ പ്രവേശിച്ചത്. പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം റിസോര്‍ട്ടില്‍ അവള്‍ക്ക് ഒരു മുറി നല്‍കിയിരുന്നു. അവിടെയായിരുന്നു താമസം. റിസപ്ഷനിസ്റ്റായി ജോലിയില്‍ പ്രവേശിച്ച അവള്‍ക്ക് 10,000 രൂപ മാസശമ്പളമായി നല്‍കുമെന്നാണ് പറഞ്ഞത്. പക്ഷേ അവളുടെ ആദ്യത്തെ ശമ്പളം പോലും ലഭിക്കുന്നതിന് മുമ്പ് അവര്‍ അവളെ കൊല്ലുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ബന്ധു കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡിലെ ലക്ഷ്മണ്‍ ജുല പ്രദേശത്തെ റിസോര്‍ട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം സമീപത്തെ കനാലിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയും രണ്ട് റിസോര്‍ട്ട് ജീവനക്കാരും അറസ്റ്റിലായി. റിസോര്‍ട്ടിലെ ചില കസ്റ്റമേഴ്‌സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പെണ്‍കുട്ടി നേരത്തെ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനിന്നതോടെ പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കനാലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മരണ കാരണം ശ്വാസനാളത്തില്‍ വെള്ളം കയറിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീകൊളുത്തിയിരുന്നു. ഇതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ നിര്‍ദേശപ്രകാരം വിവാദ റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.