വയനാട്ടിൽ വിധി അനാഥമാക്കിയ ഒരു പൈതലിനെ ഏറ്റെടുക്കുമെന്ന് പറഞ്ഞ് ഒരു കമന്റ് വലിയ രീതിയിൽ വൈറൽ ആയിരുന്നു.ദേവി എന്ന പേരിലുള്ള സോഷ്യൽമീഡിയ അക്കൗണ്ടിൽ നിന്നാണ് ആ കമന്റ് വന്നത്.ഫെയ്സ്ബുക്കിൽ ദേവി നായർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
ഈ ജന്മത്തിൽ ഒരു കുഞ്ഞിന്റെ അമ്മയാവാൻ എനിക്കു സാധിച്ചിട്ടില്ല . അതിനുള്ള തകരാറുണ്ടോ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊന്നും ഇത് വരെ ഡോക്ടർമാർ സ്ഥിതികരിച്ചിട്ടില്ല. ഈശ്വരൻ്റെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ഒരമ്മയാവാൻ സാധിക്കാത്തവളുടെ പതിനെട്ട് വർഷത്തെ പ്രാർത്ഥന ഈശ്വരൻ സാധിച്ചു തരാൻ കൂട്ടാക്കിയുമില്ല. ആ ആഗ്രഹം മാറ്റി പിടിച്ച് ജീവിക്കാൻ തുടങ്ങി . പക്ഷെ പലപ്പോഴും ഒറ്റപ്പെടൽ നന്നായി അനുഭവിക്കുമ്പോഴും ഒരു വീറോടെ ജീവിതത്തിൻ്റെ തോണി തുഴഞ്ഞു പോവാൻ ശ്രമിച്ചു . പക്ഷെ ഇങ്ങനെയൊക്കെയുള്ള ദുരന്തങ്ങൾ കാണുമ്പോൾ ഞാൻ നാളെയൊരു കാലത്ത് ഒറ്റയ്ക്കാവും എന്നൊരു തോന്നൽ വന്നെനെ മൂടും .അതോടെ ഞാൻ തളരാൻ തുടങ്ങും.
വയനാട് പ്രശ്നങ്ങൾ കണ്ട് മനസ് ആകെ നീറി പുകയുന്നുണ്ട് .ഒരു പാട് ദമ്പതികൾ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ വളർത്താൻ തരുമോ ആഗ്രഹമുണ്ട് എന്നൊക്കെ ചോദിക്കുന്നുണ്ട് .
ദത്തെടുക്കൽ നിയമപരമായി ഒരു പാട് നൂലാമാലകളാണ്. രണ്ടായിരത്തി പതിനേഴിൽ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലിൽ ഞാൻ അന്വോഷിച്ചതാണ് .അന്നവർ ഒരു പാട് നിയമങ്ങൾ പറഞ്ഞു .ഞാൻ വലിയ ഭൂസ്വത്ത് ഉടമയൊന്നുമല്ല . ഒരഞ്ച് സെൻ്റ് ഭൂമിയിൽ ഒറ്റനില വീടുണ്ട് എനിക്ക്. എൻ്റെ അച്ഛൻ്റെ ആകെ സമ്പാദ്യം. അതെനിക്ക് അച്ഛൻ ഇഷ്ടദാനമായി തന്നിട്ടുണ്ട് .പിന്നെ എൻ്റെ ഉപജീവനമാർഗ്ഗമായി ഞാനൊരു ജോബ് കൺസൾട്ടൻസി നടത്തുന്നുണ്ട്. പിന്നെ തൃശ്ശൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. പട്ടിണിയില്ലാതെ ഞാൻ ജീവിക്കുന്നുണ്ട് ( ഒരു രൂപയുടെ കടമില്ല )
വയനാട് പ്രശ്നം വന്നപ്പോൾ എന്നെ കൊണ്ട് ചെയ്യാൻ പറ്റിയത് ദുരിതാശ്വാസനിധിയിൽ ഒരു ചെറിയ തുക അയച്ചു കൊടുത്തു. അതിൽ കൂടുതലൊന്നും എനിക്ക് ചെയ്യാൻ പറ്റില്ലായെന്നറിയാം .പക്ഷെ ഒരു കുഞ്ഞിനെ വളർത്താൻ സാധിച്ചാൽ നാളെ എൻ്റെ അച്ഛൻ്റെയും , അമ്മയുടെയും കാലശേഷം എനിക്ക് കൂട്ടായി ഒരു കുഞ്ഞുണ്ടാവും .ഇല്ലേൽ എന്താ സംഭവിക്കുക എന്നെനിക്കറിയില്ല ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ഒരു കുഞ്ഞുണ്ടെങ്കിൽ ആ നിഷ്കളങ്കമായ ഒരു പുഞ്ചിരിയിൽ നമുക്ക് എല്ലാം മറക്കാൻ കഴിയുമെന്ന് പല അമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെയൊരു അമ്മയാവാൻ ഞാൻ തയ്യാറാണ്.
ഇത് വായിക്കുന്ന ഏതെങ്കിലും ഒരു മനുഷ്യന് എന്നെ സഹായിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ജന്മത്തിൽ കിട്ടുന്ന പുണ്യം ഇതായിരിക്കും . ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരു സ്ത്രീയും അനാഥമാക്കപ്പെട്ട ഒരു കുഞ്ഞും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്ന ചിത്രം നിങ്ങൾക്ക് ഓരോത്തർക്കും കാണാൻ സാധിക്കും .
NB : വീട്ടിലെ എല്ലാ അംഗങ്ങളോടും ചോദിച്ചു .അവർക്കെല്ലാവർക്കും സമ്മതമാണ് .എന്നാണ് പറയുന്നത്.