നിര്‍ബന്ധിച്ച് ശരീരം മസാജ് ചെയ്യിപ്പിച്ചു; ഭുവനേശ്വറിലെ സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ റാഗിംഗിനിരയായിരുന്നെന്ന് ദ്യുതി ചന്ദ്

ഭുവനേശ്വറിലെ സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ റാഗിംഗിനിരയായിരുന്നെന്ന് ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ്. റാഗിംഗിനെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ദ്യുതി ചന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2006-2008 സമയത്താണ് സ്‌പോര്‍ട് ഹോസ്റ്റലില്‍ താമസിച്ചിരുന്നതെന്നും ഈ കാലയളവിലാണ് റാഗിംഗിന് ഇരയായതെന്നുമാണ് ദ്യുതി പറയുന്നത്. അവിടുത്തെ സീനിയേഴ്സ് നിര്‍ബന്ധിച്ച് ശരീരം മസാജ് ചെയ്യിപ്പിക്കുകയും അവരുടെ വസ്ത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്തപ്പോള്‍ അവര്‍ ഉപദ്രവിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് ദ്യുതി ഇക്കാര്യം തുറന്ന് പറഞ്ഞത്.

റാഗിങ്ങിനെ കുറിച്ച് അധികാരികളോട് തുറന്ന് പറഞ്ഞിരുന്നു. നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, അവര്‍ തന്നെ ശകാരിക്കുകയും ചെയ്തു. തന്റെ പരാതികള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. അത് തന്നെ മാനസികമായി തളര്‍ത്തി. ആ സമയത്ത് താന്‍ നിസഹായയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം സ്പോര്‍ട്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനെ അതിജീവിക്കുന്നവര്‍ ഹോസ്റ്റലില്‍ തുടരും. പലരും അതിന് സാധിക്കാതെ എല്ലാം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നതെന്നും ദ്യുതി വെളിപ്പെടുത്തി.