സിനിമയിലും സീരിയലിലും സജീവമാണ് നടി സീമ ജി നായര്‍. എന്നും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ ആയിരുന്നു സീമ എത്തിയിരുന്നത്. അഭിനയത്തിനു പുറമേ അവശത അനുഭവിക്കുന്നവരെ സഹായിക്കാനും സീമ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ നിരവധി പേരുടെ ജീവനെടുത്ത ഓണ്‍ലൈന്‍ റമ്മി എന്ന ഗെയിം കളിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ് നടി.
ശുഭദിനം.. ഈ അടുത്ത കാലത്തായി സമൂഹത്തില്‍ കുട്ടികളും ചെറുപ്പക്കാരും ഒരു പോലെ നേരിടുന്ന ഒരു വിപത്തിന്റെ ഭീകരത തിരിച്ചറിഞ്ഞാണ് ഈ കുറിപ്പ്.. കഴിഞ്ഞ ദിവസം ഞാന്‍ വര്‍ക്ക് ചെയ്ത സെറ്റില്‍ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലില്‍ കളിക്കുന്ന ചെറുപ്പക്കാരെ കണ്ടു.. ആദ്യമെന്താണെന്നു മനസ്സിലായില്ല.. പിന്നീട് അടുത്തുചെന്നു നോക്കിയപ്പോള്‍ ആണ് ഓണ്‍ലൈന്‍ റമ്മിയാണെന്നു മനസിലായത്.. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒത്തിരിയേറെ മരണങ്ങള് നമ്മള് കേട്ടു.. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.. അതില്‍ പലതും ആത്മഹത്യകള്‍ ആയിരുന്നു..
പലരും വിദ്യാഭാസം ഉള്ളവരും, ലോക പരിചയം ഉള്ളവരും ആയിരുന്നു.. റമ്മി കളിയില്‍ നിന്നും പിന്തിരിപ്പിക്കാന് ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെ ശ്രമിച്ചിട്ടുമുണ്ടായിരുന്നു.. പക്ഷെ ഇതിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും വിട്ടുപോരാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല.. ഫലമോ മരണം !പോയവര്‍ പോയി.. അവര്‍ക്കിനി ഒന്നും അറിയണ്ട.. പക്ഷെ ജീവിച്ചിരിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍, ആ ശൂന്യതയുടെ വേദന ആരു മാറ്റും.. ഈ കളിയിലൂടെ അവരുണ്ടാക്കി വെച്ച ലക്ഷങ്ങളുടെ ബാധ്യതകള്‍… അതാരു വീട്ടും.. ഞാന്‍ സെറ്റില്‍ വെച്ച് പറഞ്ഞു നിങ്ങള്‍ ഇത് കളിക്കരുത്.. ഈ ആപ്പ് uninstall ചെയ്യണം എന്ന്.. അത് സംസാരിക്കുമ്പോള്‍ തന്നെ ബഹുമാനപ്പെട്ട KB ഗണേഷ്കുമാര് MLA നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിക്കുന്നുണ്ടായിരുന്നു.. ഞങ്ങള്‍ അത് ന്യൂസില്‍ കാണുകയും ചെയ്തു..
ജീവിക്കാന്‍ വേണ്ടിയാണെങ്കിലും, പൈസക്ക് വേണ്ടിയാണെങ്കിലും കലാകാരന്മാര്ക്ക് ഇത്തിരിയെങ്കിലും പ്രതിബദ്ധത വേണം.. സമൂഹത്തോട്.. അവനവനോട്.. ലോകമെമ്പാടും അറിയപ്പെടുന്നവരാണ് ഇവരെല്ലാവരും.. മഹാ വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.. ഇനിയും പല മരണങ്ങളും നമ്മള് കേള്‍ക്കേണ്ടി വരും, അറിയേണ്ടിവരും.. നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇതിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കണം.. നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കണം.. ഇത് ലോകമെമ്പാടും പ്രചരിപ്പിക്കുന്നവര്‍ക്ക് ഒന്നും നഷ്ടപെടാനില്ല.. ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയാണ് അവര്‍ ചെയ്യുന്നത്.. കിട്ടുന്ന കോടികള്‍ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് പല പ്രമുഖരും.. ഇതിനിരയാകുന്നവര്‍, ഇരയാകാന്‍ പോകുന്നവര്‍ ഒന്നോര്‍ക്കണം.. നമുക്ക് നമ്മള് മാത്രമേയുള്ളു.. നമ്മുടെ കുടുംബത്തിനും നമ്മള് മാത്രമേയുള്ളു…