ലിഫിറ്റില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ച സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്

ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ച സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. നിര്‍വാണ കണ്‍ട്രി കോളനിയിലെ നോര്‍ത്ത് സൊസൈറ്റിയിലെ താമസക്കാരനായ വരുണ്‍ നാഥാണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഫ്‌ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേയ്ക്ക് വന്നപ്പോഴാണ് സംഭവം നടന്നത്. പെട്ടെന്ന് ലിഫ്റ്റ് തകരാറിലാകുകയും നില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് വരുണ്‍ നാഥ് ലിഫ്റ്റിനകത്തുള്ള ഇന്റര്‍കോമില്‍ നിന്ന് സഹായത്തിനായി സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചു. ഉടന്‍ തെന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ട് ലിഫ്റ്റ് തുറക്കാനുള്ള നടപടികള്‍ തുടങ്ങി. നാല് മിനിട്ടിനകം ലിഫ്റ്റ് തുറക്കുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തു. ലിഫ്റ്റിന് പുറത്തുവന്ന ഉടന്‍ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ കുടുങ്ങിയതിന്റെ ദേഷ്യത്തിലായിരുന്നു ഇത്.

ഫ്‌ളാറ്റിലെ ചില താമസക്കാര്‍ തങ്ങളെ അടിമകളെ പോലെയാണ് കാണുന്നതെന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയില്‍ ഗുരുഗ്രാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദിച്ച ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.