ആള് ഡോക്ടറാണ് ,ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം ഉണ്ടാവും; പ്രണയം തുറന്ന് പറഞ്ഞ് കുടുംബവിളക്ക് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയും, ഈ കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങള്‍ ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്. ഇവിടെ സുമിത്രയെ സപ്പോര്‍ട്ട് ചെയ്ത് കുറച്ചു പേര്‍ മാത്രമേ ഉള്ളു. ബാക്കിയുള്ള കഥാപാത്രങ്ങള്‍ സുമിത്രയുടെ കുറ്റവും കുറവും കണ്ടുപിടിച്ചു നടക്കുന്നവര്‍ ആണ്.

എന്നാല്‍ പരമ്പര തുടങ്ങിയത് മുതല്‍ അമ്മക്കൊപ്പം തന്നെയുണ്ട് പ്രതീഷ്. അമ്മയുടെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രതീഷിനെ പ്രേക്ഷകര്‍ക്കും വലിയ ഇഷ്ടം ആണ്. നൂബിന്‍ ജോണിയാണ് ഈ കഥാപാത്രത്തില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂബിന് ആരാധകരും ഏറെയാണ് . തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ കുടുംബ വിശേഷം പങ്കുവെക്കുന്നതിനിടെ തന്റെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്
നൂബിന്‍.

അഞ്ച് അഞ്ചര വര്‍ഷമായി താന്‍ പ്രണയത്തിലാണെന്നാണ് താരം പറയുന്നത്. ആള് ഡോക്ടറാണെന്നും വിവാഹം ഉടനെയില്ലെങ്കിലും ഒരു വര്‍ഷം കഴിഞ്ഞുണ്ടാകുമെന്നും താരം പറയുന്നു. തന്റെ കുടുംബത്തെ പോലെ തന്നെ തന്റെ സിനിമാമോഹങ്ങള്‍ക്ക് പിന്തുണയുമായി കാമുകിയും കൂടെ തന്നെയുണ്ടെന്നാണ് നൂബിന്‍ പറയുന്നത്.

അതേസമയം ഇപ്പോള്‍ ആഘോഷങ്ങള്‍ തന്നെയാണ് കുടുംബവിളക്കല്‍. വേദിക സിദ്ധുവിന്റെ വിവാഹം, അനന്യയുടെയും അനിരുദ്ധിന്റെയും വിവാഹ വാര്‍ഷികം അങ്ങനെ ആഘോഷങ്ങള്‍ തുടരവെ അടുത്തത് പ്രതീഷിന്റെ വിവാഹാഘോഷം ആണ് നടക്കാന്‍ പോവുന്നത് എന്നാണ് സൂചന. ഇത് നടത്താന്‍ മുന്നില്‍ തന്നെയുണ്ട് സുമിത്രയും.

ഒരിക്കല്‍ പ്രണയിച്ച സഞ്ജനയെയാണ് പ്രതീഷ് വിവാഹം കഴിക്കാന്‍ പോവുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യം ചില സാഹചര്യങ്ങള്‍ മൂലം രണ്ട് പേര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഉള്ളിലുള്ള പ്രണയം രണ്ട് പേരും കുഴിച്ച് മൂടുകയായിരുന്നു. പിന്നാലെ സഞ്ജന മറ്റൊരു വിവാഹം കഴിച്ചെങ്കിലും സഞ്ജനയുടെ മനസില്‍ പ്രതീഷ് തന്നെയായിരുന്നു. എന്നാല്‍ താന്‍ കാരണം ഒരു കുടുംബ പ്രശ്നം നടക്കരുത് എന്നതിനാല്‍ സ്വയം സഞ്ജനയില്‍ നിന്നും പ്രതീഷ് ഒഴിഞ്ഞ് മാറി. ഇപ്പോള്‍ സഞ്ജനയുടെ ഭര്‍ത്താവ് മരണപ്പെട്ടിരിക്കുകയാണ്, ഈ സമയത്ത് സഞ്ജനക്ക് ആശ്വാസ വാക്കുമായി പ്രതീഷ് എത്തിയിരുന്നു. ഇനി സഞ്ജനക്ക് എന്നും തുണയായി പ്രതീഷ് ഉണ്ടാവണം എന്ന് തന്നെയാണ് പ്രേക്ഷകരുടെയും ആഗ്രഹം.