സൗദിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ ഒന്നും രണ്ടുമല്ല പിഴ; 99 ലക്ഷം രൂപ,ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍

റിയാദ്: രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് എത്തിയാല്‍ അഞ്ചു ലക്ഷം സൗദി റിയാല്‍ (99 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

യുഎഇ, ഇന്ത്യ, ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, എത്യോപ്യ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറസ്, വിയറ്റ്‌നാം എന്നിവയാണ് സൗദിയുടെ ചുവന്ന പട്ടികയിലുള്ള രാജ്യങ്ങള്‍.

ഈ പട്ടികയിലെ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് രാജ്യത്ത് എത്തുന്നതിനെതിരെയാണ് പുതിയ പിഴ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടുതലാണ്. അതിനാലാണ് സൗദി അറേബ്യ ഈ രാജ്യങ്ങളെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് സഞ്ചരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.

ക്വാറന്റീന്‍ നിയമം പാലിക്കാതെ മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കും സമാന പിഴയുണ്ടാകും. കൂടാതെ 14 ദിവസത്തിനിടെ കോവിഡ് തീവ്രത കൂടിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ ബോഡിങ് പാസ് നല്‍കുന്ന സമയത്ത് വെളിപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

ഇക്കാര്യം അറിയിക്കാതെ സൗദിയിലെത്തിയാല്‍ വ്യക്തികളെ കൂടാതെ കൊണ്ടുവന്ന എയര്‍ലൈനുകള്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.അതേസമയം ലീവിന് വന്ന് നിരവധി പ്രവാസികളാണ് കേരളത്തില്‍ കുടുങ്ങിപ്പോയത്.

പലരും വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. തിരിച്ച് പോകാന്‍ കഴിയാത്തതിനാല്‍ പലരുടെയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചുവന്ന പട്ടികയില്‍ പെടുത്തിയതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികള്‍.