എറണാകുളം കളമശേരി സംറ കൺവെഷൻ സെന്ററിൽ പൊട്ടിത്തെറി സംഭവിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.ഞായർ രാവിലെ 9:45-ഓടെ ഉണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമീക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ ട്വീറ്റർ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.കേരളത്തിലെ ഒരു മതസമ്മേളനത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ വാർത്ത ഞെട്ടലോടെയും നിരാശയോടെയുമാണ് .ഞാൻ അതിനെ നിരുപാധികമായി അപലപിക്കുകയും വേഗത്തിലുള്ള പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു . പക്ഷേ അത് പോരാ. കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് എന്റെ സംസ്ഥാനം ഇരയാകുന്നത് കാണുമ്പോൾ സങ്കടകരമാണ്. ഇത്തരം പ്രാകൃതത്വത്തെ അപലപിക്കാനും അക്രമം കൂടുതൽ അക്രമമല്ലാതെ മറ്റൊന്നും നേടുമെന്ന് അവരുടെ അനുയായികളെ പഠിപ്പിക്കാനും എല്ലാ മതനേതാക്കളും ഒന്നിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സ്ഥലത്ത് പൊലീസിന്റേയും ഫയർഫോഴ്സിന്റെയും പരിശോധന നടക്കുകയാണ്. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.