തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി തുടക്കം മുതല്‍ തന്നെ ശക്തമായ മത്സരം നേരിട്ടെങ്കിലും വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 15879 വോട്ടിന് യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ വിവിധ ഘട്ടത്തില്‍ ശശി തരൂരിനെ പിന്തള്ളി എന്‍ ഡി എ സ്ഥാനാർത്ഥി മുന്നിലേക്ക് വന്നിരുന്നു.ഇതോടെ ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ മണ്ഡലത്തില്‍ 2014 ലേത് പോലെ ആഹ്ളാദ പ്രകടനത്തിലേക്കും കടന്നിരുന്നു. എന്നാല്‍ അന്ന് രാജഗോപാല്‍ നേരിട്ടതിന് സമാനമായ രീതിയില്‍ അവസാന നിമിഷം ഇത്തവണ രാജീവ് ചന്ദ്രശേഖറും തിരുവനന്തപുരത്ത് പരാജയത്തിലേക്ക് പോകുകയായിരുന്നു.പതിവ് വോലെ അവസാന നിമിഷം വോട്ട് എണ്ണിയ തീരദേശ മേഖലകളാണ് ശശി തരൂരിനെ പിന്തുണച്ചത്. നഗര മേഖലകളിലെ മണ്ഡലങ്ങളില്‍ രാജീവ് ചന്ദ്രശേഖർ ലീഡ് പിടിച്ചപ്പോഴും മണ്ഡലം കൈവിടില്ലെന്ന യു ഡി എഫ് ആത്മവിശ്വാസത്തിന് പിന്നില്‍ തീരദേശത്തെ ഉറച്ച വോട്ട് ബാങ്കായിരുന്നു. ആ വിശ്വാസം തീരദേശം കാക്കുകയും ശശി തരൂരിന് നാലാം വിജയം നല്‍കുകയായിരുന്നു.
മറ്റൊന്ന് നഗരമേഖലകളില്‍ രാജീവ് ചന്ദ്രശേഖർ മുന്നിട്ട് നിന്നെങ്കിലും പ്രതീക്ഷിച്ച ലീഡ് പിടിക്കാന്‍ സാധിക്കാതിരുന്നതാണ് എന്‍ ഡി എയ്ക്ക് വലിയ തിരിച്ചടിയായി മാറിയത്. വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെല്ലാം വലിയ ലീഡ് ബി ജെ പി പ്രതീക്ഷിച്ചിരുന്നു. നഗര മണ്ഡലങ്ങളില്‍ നിന്നായി അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ലീഡ് ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.