മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സംഗീത മോഹനന്. ജ്വാലയായി എന്ന ഒറ്റ സീരിയല്‍ തന്നെ മതി ഈ നടിയെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. എന്നാല്‍ 9 വര്‍ഷത്തോളമായി സ്ക്രീനില്‍ സംഗീത ഇല്ല. നടിയുടെതായി പുറത്തുവരുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. കഴിഞ്ഞദിവസം ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഫ്ലവേഴ്സ് ഒരുകോടിയില്‍ അതിഥിയായി സംഗീത എത്തിയിരുന്നു. ഇവിടെ വെച്ച് അഭിനയം നിര്‍ത്തിയതിനെക്കുറിച്ചും വിവാഹം കഴിക്കാത്തതിനെക്കുറിച്ചും സംഗീത പറഞ്ഞു.
2011 ന് ശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. അമ്മ, ചേച്ചി റോളുകളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അഭിനയം നിര്‍ത്തി. പിന്നെ എഴുത്തിനോട് ആണ് താല്പര്യം. ആത്മസഖി എന്ന സീരിയലിനു വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതിയത് അത് ക്ലിക്ക് ആയി ഇപ്പോള്‍ സീരിയല്‍ തിരക്കഥ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 10, 12 ഓളം പരമ്പരകള്‍ക്ക് വേണ്ടി എഴുതി. ഇപ്പോള്‍ തുമ്പപ്പൂ എന്ന സീരിയലിലാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
ആദ്യത്തെ സീരിയല്‍ ചെയ്യാനായി ഞാന്‍ പല പ്രമുഖ ചാനലുകളിലും കയറി ഇറങ്ങി . പക്ഷേ ആരും സ്വീകരിച്ചില്ല ഇവര്‍ക്ക് അഭിനയിച്ചാല്‍ പോരെ എന്തിനാണ് എഴുതുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. പിന്നീട് മഴവില്‍ മനോരമയില്‍ സീരിയല്‍ വന്നതോടെയാണ് അവഗണിച്ചവര്‍ പോലും തിരിച്ചു വിളിച്ചത്. ആ ചാനലുകള്‍ക്ക് വേണ്ടി പിന്നീട് തിരക്കഥ എഴുതി.
വിവാഹം വേണ്ട എന്ന് വെച്ചതോ വേണം എന്ന് വിചാരിക്കാത്തതോ ഒന്നുമല്ല. ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല എന്നതാണ് സത്യം. ആദ്യം വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ചിരുന്നു പിന്നെ അവര്‍ക്ക് തന്നെ തോന്നി ഇനി നിര്‍ബന്ധിച്ചിട്ട് കാര്യമില്ലെന്ന്. പ്രണയം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ എല്ലാവരെയും കുറിച്ച് പറയാന്‍ പറ്റില്ല ഒരാളുടെ പേര് വിട്ടുപോയാല്‍ അവര്‍ക്ക് സങ്കടമാവില്ലെ സംഗീത ചോദിച്ചു.