മലയാളികളുടെ ഇഷ്ട താരമാണ് സാജു നവോദയ. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇന്ന് കാണുന്ന നിലയിൽ താൻ എത്തുമെന്ന് കുടുംബക്കാർ പ്രതീക്ഷിച്ചിട്ട് പോലുമില്ലെന്നും സാജു പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാക്കുകകൾ. വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം സാജു മനസ് തുറന്നു. ‘പ്രണയ വിവാഹമായിരുന്നു. എന്നെ ക്ലാസിക്കൽ ഡാൽസ് പഠിപ്പിക്കാൻ വന്നതായിരുന്നു രശ്മി. ഞാൻ വീട്ടിൽ പോയി ഇവളെ വിവാഹം കഴിക്കാൻ ചോദിച്ചപ്പോൾ ഇവളുടെ അമ്മ സമ്മതിച്ചില്ല. അന്ന് തന്നെ വിളിച്ച് കൊണ്ടുവന്നു. പിറ്റേന്ന് തന്നെ രജിസ്റ്റർ ചെയ്തു. പിന്നെ വീട്ടുകാരൊക്കെ ഇടപെട്ട് ഒരു വിവാഹത്തീയതിയൊക്കെ നിശ്ചയിച്ചു, വിവാഹം കഴിച്ചു. വിവാഹം കഴിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ മാറി താമസിച്ച് തുടങ്ങിയിരുന്നു. ആദ്യമൊക്കെ പരിപാടി ചെയ്താൽ 500 രൂപയൊക്കെയായിരുന്നു കിട്ടിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ എനിക്ക് 24 ഉം രശ്മിക്ക് 21 ഉം വയസാണ്. ഭാരിച്ച ഉത്തരവാദിത്തമായിരിക്കും മുന്നിൽ എന്നൊന്നും അന്ന് ആലോചിച്ചില്ല.
പക്വതയുടെ കാര്യത്തിൽ ഇവൾ തന്നെയായിരുന്നു മിടുക്കി. ഞാൻ ലോകതോൽവിയായിരുന്നു. വീട്ടിലെ കാര്യമൊന്നും ഞാൻ ചിന്തിക്കാറേ ഇല്ല. ഒരു വർഷത്തോളം ഒന്നും നോക്കാതെയുള്ള ജീവിതമായിരുന്നു എന്റേത്. ഭാര്യയെ രാത്രി വഴക്ക് പറയുമായിരുന്നു. ഒരു വർഷത്തോളം ഇതൊന്നും ഇവൾ ആരോടും പറഞ്ഞില്ല. പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം ഇവൾ പൊട്ടിത്തെറിച്ചു. അത് ശരിക്കും പ്രളയം പോലൊരു അവസ്ഥയായിരുന്നു. അന്നാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വിവാഹം കഴിഞ്ഞപ്പോൾ വലിയ ഭർത്താവായി ഗൗരവത്തോടെ പെരുമാറണം എന്ന ചിന്തയിലായിരുന്നു. എന്നാൽ ഉപദ്രവിച്ചിരുന്നില്ല. നാട്ടിൽ ചില തല്ല് പ്രശ്നങ്ങളെ തുടർന്നാണ് വീട് മാറി താമസിക്കുന്നത്. അന്ന് മുതൽ ഞാൻ ശരിയായി തുടങ്ങി. പിന്നെ കരയാനോ തല്ലുപിടിക്കാനോ ഒന്നും അവസരം ഉണ്ടാക്കിയിട്ടില്ല. ഒരുപാട് കഷ്ടപ്പെട്ടതിന് ശേഷമാണ് സ്വന്തം ട്രൂപ്പൊക്കെ തുടങ്ങിയത്.
എന്റേയും ഇവളുടേയും കുടുംബം ഒരിക്കലും ഞാൻ ഈ നിലയിൽ എത്തുമെന്ന് കരുതിയിട്ട് പോലും ഉണ്ടായിരുന്നില്ല’, സാജു പറഞ്ഞു.
ഒരിക്കൽ സാജുവിനൊപ്പം മമ്മൂട്ടിയെ കണ്ട അനുഭവം അഭിമുഖത്തിനിടെ സാജുവിന്റെ ഭാര്യ രശ്മി പങ്കുവെച്ചു. ‘തോപ്പിൽ ജോപ്പൻ എന്ന സിനിമയുടെ സെറ്റിൽ എത്തിയപ്പോഴാണ് മമ്മൂക്കയെ കാണുന്നത്. വളരെ എക്സൈറ്റഡ് ആയിരുന്നു. നേരിട്ട് കണ്ടപ്പോൾ മമ്മൂക്ക രസായിട്ടാണ് സംസാരിച്ചത്. മമ്മൂക്ക വളരെ സന്തോഷത്തോടെ ഇരിക്കുന്ന ദിവസമായിരുന്നു. എന്നാൽ നമ്മുക്ക് അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ഞങ്ങൾ ചെന്നു. മമ്മൂട്ട അപ്പോൾ എന്നോട് ചോദിച്ചത് നിനക്ക് കണ്ണ് കണ്ടൂടായിരുന്നോടിയെന്നാണ്. അന്ന് ഞാൻ കാണാൻ വളരെ ചെറുതായിരുന്നു.ചേട്ടൻ നല്ല നീളവും വണ്ണവുമൊക്കെ ഉള്ളൊരാൾ. എന്നോട് പറഞ്ഞു ഇവനെതിരെ മിക്കവാറും ബാല പീഡനത്തിന് കേസ് വരുമെന്ന്’, ചിരിച്ചുകൊണ്ട് സാജുവും ഭാര്യയും പറഞ്ഞു.