കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ഐ.എസ്.എല്‍ ഫൈനലില്‍ കളിച്ചേക്കില്ല. പരിശീലകന് ഇവാന് വുകുമാനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ സഹലിന് പരുക്കേറ്റിരുന്നു. ഇന്നത്തെ പരിശീലന സെഷന് കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകുവെന്നും ഇവാന് വുകുമാനോവിച്ച് പറഞ്ഞു.
മാര്‍ച്ച് 14ന് നടന്ന പരിശീലനത്തിനിടെ സംഭവിച്ച ഹാംസ്ട്രിംഗ് പരുക്ക് മൂലമാണ് സഹല്‍ കളിക്കാനില്ലാത്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സഹലിന്റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വഷളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചുവെന്നുമാണ് കോച്ച് ഇവാന് വുകുമാനോവിച്ച് നേരത്തെ പറഞ്ഞിരുന്നത്.
സഹലിന്റെ അഭാവത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിഷു കുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നിരയില്‍ ഇറങ്ങിയത്. ഫൈനലിലും ഇത് തന്നെ ആവര്‍ത്തിക്കാനാണ് സാധ്യത.