ബിഗ് ബോസ് ആദ്യ സീസണിലൂടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടായ താരമാണ് സാബുമോന് അബ്ദുസമദ്. തരികിട സാബുവായി അറിയപ്പെട്ട താരത്തിന്റെ ഇമേജ് ബിഗ്ബോസിന് പിന്നാലെ മാറിമറിഞ്ഞിരുന്നു. തുടക്കത്തില്‍ തന്നോട് സംസാരിക്കാന്‍ മടിക്കാണിച്ചവരെല്ലാം പിന്നീട് സാബുവിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും നിലപാടുകളുമുളള സാബു പിന്നീട് പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറി. കൂടാതെ ബിഗ് ബോസ് വിജയി ആയി
അധികപേരും പ്രവചിച്ചതും സാബുവിനെ ആയിരുന്നു. ബിഗ് ബോസില്‍ വിന്നറായ ശേഷം മലയാളത്തിലെ തിരക്കേറിയ അഭിനേതാവായും നടന് മാറി. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബിഗ് ബോസ് അനുഭവങ്ങളും രണ്ടാം സീസണിനെക്കുറിച്ചും സാബുമോന് സംസാരിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു റിയാലിറ്റി ഷോയെക്കുറിച്ച് നടന് മനസുതുറന്നത്. ബിഗ് ബോസ് യാത്ര ഒരു മികച്ച അനുഭവമായിരുന്നുവെന്ന് സാബുമോന് പറയുന്നു. അതിനെ നമ്മുടെ ദൈനംദിന ജീവിതവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ബിഗ്ബോസ് ഷോ എനിക്ക് മറക്കാനാവാത്ത ചില ഓര്‍മ്മകളും ഉള്‍ക്കാഴ്ചകളും മികച്ച സുഹൃത്തുക്കളെയും നല്‍കിയെന്നും നടന് പറയുന്നു.
ബിഗ് ബോസില്‍ വിന്നറായ ശേഷമാണ് സാബുവിന് സിനിമകളില്‍ തിരക്കേറിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ജല്ലിക്കട്ടില്‍ പ്രധാന വേഷത്തില്‍ നടനും അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ രണ്ടാം സീസണിനെക്കുറിച്ചും അഭിമുഖത്തില്‍ സാബുമോന് സംസാരിച്ചിരുന്നു. രണ്ടാം സീസണിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ താനും ആകാംക്ഷയിലാണെന്നാണ് നടന് പറഞ്ഞത്.
ഒപ്പം ബിഗ് ബോസിന്റെ പുതിയ പതിപ്പില്‍ മല്‍സരാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും താരം നല്കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത തന്ത്രങ്ങളോ ഗെയിം പ്ലാനുകളോ ബിഗ് ബോസില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സാബുമോന് പറയുന്നു. ഷോ വിജയിക്കണമെന്ന ഉദ്ദേശത്തോടെ ഒരിക്കലും ഗെയിം കളിക്കരുതെന്നും നടന് പറയുന്നു. ഒരു പുതിയ അന്തരീക്ഷത്തില്‍ ജീവിക്കാനുളള മനസോടെ മാത്രം അവിടെക്ക് പോവുക.