പത്തനംതിട്ട: പെര്‍മിറ്റ് ലംഘനത്തിന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസിലെ യാത്രക്കാരെ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് മാറ്റി. ബസ് ഉടമ, യാത്രക്കാര്‍ എന്നിവരുമായി ഗാന്ധിപുരം ആര്‍ടിഒ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
മറ്റൊരു യാത്ര സൗകര്യം ഏര്‍പ്പാട് ആക്കാതെ ബസില്‍ നിന്നും ഇറങ്ങില്ല എന്ന് യാത്രക്കാര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഗാന്ധിപുരം ആര്‍ടിഒ ബസ് ഉടമ, യാത്രക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ച പ്രകാരം, പാലക്കാട് വരെ തമിഴ്‌നാട് സര്‍ക്കാര്‍ യാത്രക്കാരെ എത്തിക്കും. തുടര്‍ന്നുള്ള യാത്ര ബസുടമയുടെ ചെലവിലായിരിക്കും.
അതേസമയം ഇന്നാണ് റോബിന്‍ ബസ് തമിഴ്‌നാട് ആര്‍ടിഒ പിടിച്ചിട്ടത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് തമിഴ്നാട് വാഹനം പിടിച്ചെടുത്തത് എന്നാണ് റോബിന്‍ ഉടമ ആരോപിക്കുന്നത്.
കേരള സര്‍ക്കാരുമായി ആലോചിച്ച ശേഷം പെര്‍മിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച ശേഷം മാത്രമേ ബസ് വിട്ട് നല്‍കൂവെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ പറഞ്ഞു.
കേരളത്തിന്റെ സമ്മര്‍ദ്ദമാണ് ബസ് കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്നും എന്ത് പ്രതിസന്ധി വന്നാലും സര്‍വീസുമായി മുന്നോട്ട് പോകുമെന്നും ബസ് ഉടമ റോബിന്‍ ഗിരീഷ് പറഞ്ഞു.അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും റോബിന്‍ ഗിരീഷ് പറഞ്ഞു