വിവാദ റോബിന്‍ ബസ് തമിഴ്‌നാട് ആര്‍ടിഒ പിടിച്ചിട്ട സംഭവത്തില്‍ കേരള സര്‍ക്കാരിന് എതിരെ ഗുരുതര ആരോപണവുമായി റോബിന്‍ ബസ് ഉടമ ഗിരീഷ്. കേരള സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് ആണ് റോബിന്‍ ബസ് ഉടമ ഗിരീഷ് ആരോപിക്കുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ആണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തില്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാല്‍ കേരള സര്‍ക്കാരിന്റെ മാനം കാക്കാന്‍ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചത് എന്നാണ് അവര്‍ പറഞ്ഞത് എന്നാണ് ഉടമ ഗിരീഷ് ആരോപിക്കുന്നത്.
ഈ വാഹനം പിടിച്ചെടുക്കാന്‍ തയാറായില്ലെങ്കില്‍ തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.” റോബിന്‍ ബസ് ഉടമ ഗിരീഷ് പറഞ്ഞു.
അതേസമയം വാളയാര്‍ അതിര്‍ത്തി കടന്നെത്തിയ ബസിനെ തമിഴ്‌നാട് ആര്‍ടിഒ തടയുകയായിരുന്നു. ബസിന്റെ രേഖകള്‍ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് വിവരം. തുടര്‍ന്ന് ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.