ബിഗ് ബോസ് വീട്ടില്‍ ഏറെ പ്രതീക്ഷ നല്കുന്ന മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. വന്ന സമയത്ത് ഈ മത്സരാര്‍ത്ഥി സൈലന്റ് ആയിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ കളത്തില്‍ ഇറങ്ങി തന്നെ കളിക്കണം എന്ന് താരം സ്വയം മനസിലാക്കുകയായിരുന്നു, ഇപ്പോള്‍ ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു. തന്റെ നിലപാടുകള്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ വെച്ച് ഋതു തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല തനിക്ക് സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും ഋതു പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ അപ്പുറം ഷോയില്‍ ഒറ്റക്ക് നിന്ന് കളിക്കുന ഒരാളും കൂടിയാണ് ഋതു.
ഈ അടുത്ത് താനും ഋതുവും തമ്മില്‍ പ്രണയത്തിലാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് ഋതുവിന്റെ ബോയ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. നടനും മോഡലുമായ ജിയയുമായി കഴിഞ്ഞ നാല് വര്‍ഷമായി ഋതു പ്രണയത്തിലാണ് എന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. തങ്ങള്‍ പ്രണയത്തിലാണ് എന്ന് ജിയ പറഞ്ഞതിന് പിന്നാലെ നിരവധി ചോദ്യങ്ങളും ജിയയ്ക്കെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെ താനും ഋതുവും ഒന്നിച്ചുള്ള നിരവധി ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ മോഹന്‍ലാല്‍ എല്ലാ മത്സരാര്‍ത്ഥികളോടും പ്രണയത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇതിന് എല്ലാവരും മനോഹരമായി തന്നെയാണ് മറുപടി പറഞ്ഞത്. പലരും ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. ചോദ്യം ഋതുവിലേക്ക് എത്തി. അപ്പോള്‍ ‘പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്, നമ്മള് പ്രണയിച്ചുകൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ.
കല്യാണമായെങ്കില് പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല്‍ ശക്തമായിരിക്കണം’ എന്ന വാക്കുകളിലൂടെ പ്രണയത്തെക്കുറിച്ച് മനോഹരമായി പറഞ്ഞു. പിന്നാലെ ഋതുവിന് പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ , തനിക്ക് ഒരാളെ ഇഷ്ടം ആണെന്നും എന്നാല്‍ അത് എവിടെ എത്തും എന്ന് അറിയില്ല. അയാള്‍ക്ക് തിരിച്ചുണ്ടോ എന്നതിലും വ്യക്തമല്ല, മാത്രമല്ല നമ്മള് തിരിച്ച് അവിടെ എത്തുമ്പോഴേക്കും അവിടെ ആ പ്രണയം ഉണ്ടാവുമോ എന്നതും അറിയില്ല എന്ന തരത്തിലാണ് ഋതു സംസാരിച്ചത്.