റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാകുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. വിവാഹക്കാര്യം റിച്ച സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഞങ്ങള്‍ ഈ വര്‍ഷം വിവാഹിതരാവും. കൊവിഡിനെ കുറിച്ച് ആശങ്കയുണ്ട്. ഉത്തരവാദിത്വമുള്ളവര്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഞങ്ങള്‍ ജോലിത്തിരക്കിലായി. അതാണ് വിവാഹം നീണ്ടുപോയത്’- റിച്ച ഛദ്ദ പറഞ്ഞു.

അടുത്ത മാസം അവസാനമാണ് ഇരുവരും തമ്മിലുള്ള വിവാഹം എന്നാണ് റിപ്പോര്‍ട്ട്. തീയതി പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയില്‍വച്ചായിരിക്കും വിവാഹം. അതിനുശേഷം ഒക്ടോബര്‍ ആദ്യവാരം മുംബൈയില്‍ വിവാഹ സത്കാരമുണ്ടാകും. നാനൂറോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ഫുക്രി 3, അഭി തോ പാര്‍ട്ടി ശുരു ഹുയി ഹേ എന്നിവയാണ് റിച്ച ഛദ്ദയുടെ പുതിയ സിനിമകള്‍. അലി ഫസലിനൊപ്പം ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ചിത്ര റിച്ച നിര്‍മിക്കുന്നുമുണ്ട്. ഫുക്രി 3യില്‍ അലി ഫസലും റിച്ചയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്.