പാക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗറിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്കിയ വാക്ക് പാലിക്കാനായി ദല്‍ബീര്‍ കൗറിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ അദ്ദേഹം മുബൈയില്‍ നിന്നെത്തുകയായിരുന്നു.
സരബ്ജിത്ത് സിംഗിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ‘സരബ്ജിത്ത്’ എന്ന ചിത്രത്തില്‍ അദ്ദേഹമായി എത്തിയത് രണ്‍ദീപ് ഹൂഡയായിരുന്നു. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യ റായ് ആയിരുന്നു സരബ്ജിത്തിന്റെ സഹോദരിയായ ദല്‍ബീര്‍ കൗറിന്റെ വേഷം അവതരിപ്പിച്ചത്. തീവ്രവാദവും ചാരവൃത്തിയും ആരോപിച്ച് പാകിസ്താന് കോടതി വധശിക്ഷയ്ക്ക് വിധിച്ച സഹോദരന് നീതി ലഭിക്കാനുള്ള ദല്‍ബീറിന്റെ പോരാട്ടത്തെപ്പറ്റിയായിരുന്നു സിനിമ. സരബ്ജിത്ത് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങിയത്.
ലാഹോറിലും ഫൈസലാബാദിലും ഉണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി സരബ്ജിത്തിനെ പാക് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. പക്ഷേ വധശിക്ഷ നടപ്പിലാക്കാതെ നീണ്ടുപോയി. ഒടുവില്‍ 2013 ഏപ്രില്‍ 26ന് പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് സരബ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.
സിനിമയില്‍ സരബ്ജിത്തിന്റെ വേഷം ചെയത രണ്‍ദീപിനോട് സരബ്ജത്തിന്റെ സഹോദരി ദല്‍ബീറിന് വളരെ ആത്മബന്ധം തോന്നിയിരുന്നു. ഒരിക്കല്‍ രണ്‍ദീപ് ഹൂഡയോട് ദല്‍ബീര്‍ പറഞ്ഞു.’സരബ്ജിത്തിനെ ഞാന്‍ നിങ്ങളിലൂടെ കാണുന്നു, ഞാന്‍ മരിക്കുമ്പോള്‍ എന്റെ മൃതദേഹം സംസ്കരിക്കാന്‍ നിങ്ങള്‍ മുന്പിലുണ്ടാകണം, എന്റെ സഹോദരനെപ്പോലെ…’. ‘ഞാനുണ്ടാവും…’. അന്ന് രണ്‍ദീപ് വാക്കുകൊടുത്തു. അന്ന് ദല്‍ബീറിന് കൊടുത്ത വാക്കാണ് രണ്‍ദീപ് ഹൂഡ ഇന്ന് പാലിച്ചത്.
പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ഭിഖിവിന്ദിലില്വച്ചാണ് ദല്‍ബീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വിവരമറിഞ്ഞെത്തിയ രണ്‍ദീപ് അന്ത്യോപചാരം അര്‍പ്പിക്കുകയും സംസ്കാര ചടങ്ങുകളുടെ ഭാഗമായി ചിതക്ക് തീ കൊളുത്തുകയും ചെയ്തു.