അഴിമതിയാരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മന്ത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഭഗവത് മാന്‍ പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിജയ് സിഗ്ലയെ പഞ്ചാബ് പൊലീസിന്റെ അഴിമിതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു.
ടെന്‍ഡറുകളില്‍ ഒരു ശതമാനം കമ്മിഷന് ആവശ്യപ്പെട്ടുവെന്നാണ് സിംഗ്ലക്കെതിരെ ഉയര്‍ന്ന ആരോപണം. അഴിമതി നടത്തിയെന്ന് വിജയ് സിംഗ്ല തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് ആം ആദ്മി സര്‍ക്കാറിന്റെ നയമെന്നും ഭഗവത് മാന്‍ വ്യക്തമാക്കി.
അഴിമതിയാരോപണം ആരും അറിഞ്ഞിരുന്നില്ല. വേണമെങ്കില്‍ തനിക്ക് ആ കേസ് തേയ്ച്ചു മായ്ച്ചുകളയാമായിരുന്നു. പക്ഷെ തന്നെ വിശ്വസിച്ച ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കലാവും അതെന്നും വിഷയം ഗൗരവമായി എടുക്കുകയായിരുന്നുവെന്നും ഭഗവത് മാന്‍ കൂട്ടിച്ചേര്‍ത്തു.