ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. സിനിമയില്‍ നിന്നും 3 മാസത്തെ ഇടവേളയെടുത്തിരിക്കുകയാണ് താരം. ശാരീരികമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ഇടവേളയെന്ന് താരം വ്യക്തമാക്കിയിരുന്നു. കട്ടത്താടിയിലാണ് താരമിപ്പോള്‍. നേരത്തെ ചക്രത്തിന് വേണ്ടി താടി വളര്‍ത്തിയിരുന്നുവെങ്കിലും ഇത്രയും കട്ടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് താനും ഇതേക്കുറിച്ച് ശ്രദ്ധിച്ചതെന്ന് താരം പറയുന്നു. ആര് ജെ മൈക്കിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ ഫാസിലായിരുന്നു പൃഥ്വിരാജിനായി ആദ്യം സ്ക്രീന്‍ ടെസ്റ്റ് നടത്തിയത്. തന്റെ സിനിമയിലേക്ക് പുതുമുഖ നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതിനിടയിലാണ് പൃഥ്വിയില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കിയത്. 12ാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു ആ സംഭവം. നാളുകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. വലിയ കുട്ടിയായതിന് ശേഷം അന്നായിരുന്നു അദ്ദേഹം തന്നെ കണ്ടത്. തന്നെക്കണ്ടതിന് പിന്നാലെയായി അദ്ദേഹം അമ്മയെ വിളിച്ചിരുന്നു. ഇവനെ സ്ക്രീന്‍ ടെസ്റ്റിന് അയയ്ക്കണമെന്നായിരുന്നു അമ്മയോട് പറഞ്ഞത്. അങ്ങനെയാണ് താന്‍ അദ്ദേഹത്തിനരികിലേക്ക് പോയതെന്ന് പൃഥ്വിരാജ് പറയുന്നു.
ആലപ്പുഴയിലെ പാച്ചിക്കയുടെ വീട്ടിലേക്കാണ് സ്ക്രീന്‍ ടെസ്റ്റിനായി പോയത്. ക്യാമറമാന് ആനന്ദക്കുട്ടന് സാര്‍ അവിടെയുണ്ടായിരുന്നു. അന്ന് തനിക്കൊപ്പം സ്ക്രീന്‍ ടെസ്റ്റിനായി ഒരു പെണ്‍കുട്ടി കൂടി എത്തിയിരുന്നു. 9ാം ക്ലാസുകാരിയായ ആ പെണ്‍കുട്ടിയാണ് അസിന് തോട്ടുങ്കല്‍. അന്നത്തെ സ്ക്രീന്‍ ടെസ്റ്റിന് ശേഷമാണ് പാച്ചിക്കയില്‍ ഒളിഞ്ഞിരിക്കുന്ന അഭിനേതാവിനെ താന്‍ കണ്ടെത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറില്‍ അദ്ദേഹത്തെ അഭിനയിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതായിരുന്നു.
വളരെ സോഫ്റ്റായ ഒരു റൊമാന്റിക് ചിത്രമാണ് താനുദ്ദേശിക്കുന്നത്. നീ ചെയ്യേണ്ടത് ഈ സിനിമയല്ല, ഒരു ആക്ഷന്‍ സിനിമയൊക്കെയാണ് നീ ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോയെന്നും താരം പറയുന്നു.ഫാസില്‍ ആ സിനിമ വേറെയാരെയെങ്കിലും വെച്ച് ചെയ്തിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഷാനുവിനെ നായകനാക്കി ചെയ്ത ആ സിനിമയാണ് കൈയ്യെത്തും ദൂരത്ത് എന്നായിരുന്നു പൃഥ്വിയുടെ മറുപടി. കുറച്ച് സോഫ്റ്റായിരുന്നുവെങ്കില് ഈ സിനിമയിലെ നായകനാവാമായിരുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ഏകലവ്യന് 2 ഒക്കെയായിരിക്കുമെന്നായിരുന്നു തന്റെ ധാരണയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.