പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി എത്തിയതായിരുന്നു പ്രധാനമന്ത്രി. വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. പഞ്ചാബ് സർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ആരോപണം. എന്നാൽ ഹെലികോപ്റ്റർ മാർഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയായിരുന്നു രണ്ടാമത്തേത്. പ്രതിഷേധത്തെ തുടർന്ന് റാലി വേണ്ടെന്നുവച്ചു.