പ്രവീണ്‍ ജയവിക്രമയ്ക്ക് കൊവിഡ്; ആശങ്കയില്‍ ശ്രീലങ്കന്‍ ടീം

ശ്രീലങ്കന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമയ്ക്ക് കൊവിഡ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്നതിനിടെയാണ് ടീമിനെയാകെ ആശങ്കയിലാക്കി പ്രവീണ്‍ ജയവിക്രമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗാലെയിലെ ആദ്യ ടെസ്റ്റില്‍ പ്രവീണ്‍ ജയവിക്രമ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. ജയവിക്രമയെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി. മറ്റ് താരങ്ങള്‍ അഞ്ച് ദിവസത്തേക്ക് റൂം ഐസൊലേഷനില്‍ തുടരുകയാണ്.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ മൂന്നാംദിനം ഓസ്‌ട്രേലിയ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സിന്റെ നേരിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ ആദ്യ ഓവറില്‍ തന്നെ മറികടന്നു. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ 321 റണ്‍സിന് പുറത്തായി. 109 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡെടുത്ത ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയെ എറിഞ്ഞിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 37 റണ്‍സടിച്ച ശേഷമാണ് ലങ്ക തകര്‍ന്നടിഞ്ഞത്.