ബ്ലാസ്‌റ്റേഴ്‌സ് വിട്ട മലയാളി താരം പ്രശാന്ത് ചെന്നൈയില്‍ എഫ്‌സിയില്‍

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങര്‍ കെ പ്രശാന്ത് ചെന്നൈയിന്‍ എഫ്സിയില്‍. 2018 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. കേരള ടീമിനായി 61 മത്സരങ്ങളില്‍ കളിച്ചു. 2023 വരെയായിരുന്നു പ്രശാന്തിന്റെ കരാര്‍. കളിക്കളത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് താരം ക്ലബ്ബ് വിട്ടത്.

കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയെങ്കിലും 326 മിനിറ്റ് മാത്രമാണ് താരം മൈതാനത്തുണ്ടായിരുന്നത്. ഓരോ കളിയിലും ശരാശരി 21.73 മിനിറ്റു മാത്രം. നേരത്തെ, നോര്‍ത്ത് ഈസ്റ്റ് സ്ട്രൈക്കര്‍ വി.പി സുഹൈറിനെ സ്വന്തമാക്കാന്‍ മാറ്റക്കരാറില്‍ പ്രശാന്തിനെ നല്‍കാമെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല നോര്‍ത്ത് ഈസ്റ്റ് എടുത്തത്.

രണ്ട് സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം സ്‌ക്വാഡ് ശക്തിപ്പെടുത്തിയാണ് ചെന്നൈയിന്‍ എഫ്സി ഇത്തവണ ഐസ്എല്ലിനെത്തുന്നത്. ജര്‍മന്‍കാരനായ തോമസ് ബ്രദാറിക് ആണ് കോച്ച്. റഫേല്‍ ക്രിവല്ലാരോ, പീറ്റര്‍ സ്ലിസ്‌കോവിച്ച്, അനിരുദ്ധ് ഥാപ്പ, ഫോളോ ഡിയാഗ്‌നെ തുടങ്ങിയ ഒരുപിടി മികച്ച താരങ്ങള്‍ ക്ലബിനുണ്ട്. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിന്‍സി ബാരറ്റോയെയും ഈയിടെ ചെന്നൈയിന്‍ സ്വന്തമാക്കിയിരുന്നു.