പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇന്നു രാവിലെയാണ് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. യുഎപിഎ വകുപ്പ് മൂന്ന് പ്രകാരമാണ് നിരോധനം. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംമ്സ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങളാണ് നിരോധനത്തിനുള്ള മറ്റൊരു കാരണമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് ഐ.എസ്, ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.