കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വയനാട്ടിലെ ഓഫിസ് ആക്രമണത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ഉദയ്പൂര്‍ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന പ്രചരിപ്പിച്ചതിന് കേസ്. ബി.ജെ.പി ദേശീയ വക്താവും എംപിയുമായ രാജ്യവര്‍ധന്‍ റാത്തോഡിനും സീ ന്യൂസ് വാര്‍ത്താ അവതാരകന് രോഹിത് രഞ്ജനുമെതിരെയാണ് കേസ്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാം സിങ് ബാന്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 504 (മനഃപൂര്‍വം അപമാനിക്കല്‍), 505 (ഭീഷണിപ്പെടുത്തല്‍), 153 എ (മതം, വംശം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് പ്രകോപനം സൃഷ്ടിക്കല്‍), 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ജയ്പൂരിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വയനാട്ടിലെ തന്റെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ കുറിച്ച് ‘കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല’ എന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശം ഉദയ്പൂരില്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന ടെലിവിഷന്‍ പരിപാടിക്കിടെ കാണിച്ചു എന്നാണ് പരാതി. രാജ്യവര്‍ധന്‍ റാത്തോഡ്, വിരമിച്ച മേജര്‍ സുരേന്ദ്ര പൂനിയ തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയാണ് സീ ന്യൂസ് ഇത് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
പരാതിക്ക് പിന്നാലെ സീ ന്യൂസ് ക്ഷമാപണം നടത്തി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഉദയ്പൂര്‍ സംഭവവുമായി ബന്ധിപ്പെടുത്തി തെറ്റായ സന്ദര്‍ഭത്തിലാണ് കാണിച്ചതെന്നും അത് മാനുഷികമായ പിഴവാണെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മാപ്പ് പറയുന്നതായും സീ ന്യൂസ് പറഞ്ഞു.