എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസ്. ദ്രൗപതി മുര്‍മുവിനെ അപമാനിക്കുന്ന രീതിയില്‍ ജൂണ്‍ 22 ന് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് കോല്വാലിയിലെ മനോജ് സിന്‍ഹയാണ് വര്‍മയ്ക്കെതിരെ ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
‘ദ്രപൗദിയാണ് രാഷ്ട്രപതിയെങ്കില്‍ ആരാണ് പാണ്ഡവര്‍? അതിലും പ്രധാനമായി, ആരാണ് കൗരവര്‍?.”എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ബി.ജെ.പി നേതാക്കളായ ഗുഡൂര്‍ റെഡ്ഡിയും ടി നന്ദേശ്വര് ഗൗറും രാം ഗോപാല്‍ വര്‍മയ്ക്കെതിരെ ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ട്വീറ്റ് വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി രാംഗോപാല്‍ വര്‍മയും രംഗത്തെത്തി. തമാശ രീതിയിലാണ് പരാമര്‍ശം നടത്തിയതെന്നും മറ്റൊരു തരത്തിലും ഉദ്ദേശിച്ചിട്ടില്ല എന്നുമായിരുന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞത്. മഹാഭാരതത്തിലെ ദ്രൗപദി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. പക്ഷേ ഈ പേര് വളരെ അപൂര്‍വമായതിനാല്‍ അവരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ താന്‍ ഓര്‍ത്തു. അതാണ് താന്‍ ഉദ്ദേശിച്ചതെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കിയിരുന്നു.