ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തീകരമായി ചിത്രീകരിച്ചു എന്ന പരാതി; ലീന മണിമേഖലയ്‌ക്കെതിരെ കേസ്

ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയില്‍ സംവിധായിക ലീന മണിമേഖലയ്ക്കെതിരെ കേസ്. ഡല്‍ഹി പൊലീസിന്റെ സൈബര്‍ വിഭാഗവും, യുപി പൊലീസുമാണ് ലീന മണിമേഖലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു, ജനങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊട്ടു പിന്നാലെ ഡല്‍ഹി പൊലീസും ലീന മണിമേഖലയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ലീന മണിമേഖലൈയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്ളാഗും കാണാം. ഇതിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും കത്ത് നല്‍കിയിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ലീന മണിമേഖല രംഗത്തെത്തിയിരുന്നു. തനിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടമെന്നും ലീന പറഞ്ഞു. അതിന്റെ വില തന്റെ ജീവനാണെങ്കില്‍ അത് നല്‍കാമെന്നും ലീന പറഞ്ഞിരുന്നു.