രാഹുല്‍ ഗാന്ധിയുടെ വിഡിയോ തെറ്റായി പ്രചരിപ്പിച്ചു; ബിജെപി എംപിമാര്‍ക്കെതിരെ കേസ്

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിഡിയോ തെറ്റായി പ്രചരിപ്പിച്ചതില്‍ ബിജെപി എംപിമാര്‍ക്കെതിരെ കേസ്. രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. ബിജെപി എം പി സുബ്രത് പതക്കിനെതിരെയും കേസെടുത്തു.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് ചാനലിലെ അവതാരകന്‍ രോഹിത് രഞ്ജന്റെ വീട്ടില്‍ ഛത്തീസ്ഗഡ് പൊലീസ് എത്തിയിട്ടുണ്ടെന്നും അവതാരകനെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. രാജ്യവര്‍ധന്‍ റാത്തോഡിനും സീ ന്യൂസ് വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്ജനുമെതിര നേരത്തെ കേസിടുത്തിരുന്നു. പരാതിക്ക് പിന്നാലെ സീ ന്യൂസ് മാപ്പ് പറഞ്ഞിരുന്നു.

വയനാട്ടിലെ തന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ കുറിച്ച് ‘കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല’ എന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശം ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണെന്നായിരുന്നു ചാനല്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്.