കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും; വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് അന്വേഷണ സംഘം

യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന നടന്‍ വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാന്‍ അന്വേഷണ സംഘം. പാസ്‌പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. 24 നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്.

ദുബായില്‍ നിന്ന് കടന്ന വിജയ് ബാബു നിലവില്‍ ജോര്‍ജിയയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണിത്. അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. ദുബായില്‍ വിജയ് ബാബുവിനെതിരെ അന്വേഷണം വ്യാപിപ്പിച്ചിനിടെയായിരുന്നു നടന്‍ അവിടെ നിന്ന് കടന്നത്. വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് തലവേദനയായിരിക്കുകയാണ്. വിജയ് ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുക എന്നതാണ് പൊലീസ് ലക്ഷ്യംവയ്ക്കുന്നത്.