കേശവപുരത്തെ മനോരമ വധം; പ്രതി കൊല നടത്തിയത് കഴുത്തു ഞെരിച്ച്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മനോരമയുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യമാണ് കിട്ടിയത്. പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്.

ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി തലസ്ഥാന നഗരം വിട്ട് പോയോ എന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ ഉറപ്പില്ല. മനോരമയുടെ മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കൊലപാതകം നടന്നത്. മനോരനമയുടെ നിലവിളി കേട്ട് സമീപവാസികള്‍ വന്ന് കതകില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനാല്‍ തിരിച്ചുപോയിരുന്നു. ഇതിന് ശേഷമാണ് ആദം അലി മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ കൊണ്ടിട്ടതെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തിനിടെ മനോരമയെ കൊലപ്പെടുത്തിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നഷ്ടപ്പെട്ടെന്ന് കരുതിയ 60000 രൂപ മനോരമയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയതോടെ, പ്രതിയുടെ ഉദ്ദേശം മോഷണം തന്നെയായിരുന്നോ അല്ല മറ്റെന്തെങ്കിലും ആയിരുന്നോ എന്ന സംശയം ഉയര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.