
എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. പ്രതി ജിതിന്‍ ധരിച്ചിരുന്ന ഷൂസ് അന്വേഷണ സംഘം കണ്ടെത്തി. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ നിര്‍ണായക തെളിവായ ഡിയോ സ്‌കൂട്ടറും പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടും കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളി ആവുകയാണ്.
പ്രതിക്ക് ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയ വനിതാ സുഹൃത്ത് ഒളിവിലാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേസില്‍ വനിതാ സുഹൃത്തിനെ സാക്ഷിയാക്കാനാണ് നീക്കം. പ്രാദേശിക നേതാവ് കൂടിയായ വനിതാ സുഹൃത്തിന് കേസില്‍ കൂടുതല്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതിയാക്കുകയുള്ളൂ.
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് നിലവില്‍ ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ ഉടന്‍ ചോദ്യം ചെയ്യും.