സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കാന്‍സര്‍ ബാധിതനായിരുന്നു.കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് പെലെ.
ബ്രസീലിന്റെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്കി ആദരിച്ചിരുന്നു.
ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.
1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സണ് അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പതിനഞ്ചാം വയസ്സില്‍ ആണ് തന്റെ ഫുട്ബോള്‍ ജീവിതത്തിന് പെലെ തുടക്കം കുറിക്കുന്നത്.
സാന്റോസിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമിലും എത്തി. വിരമിച്ച ശേഷം ഫുട്ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.
നേട്ടങ്ങള്‍-ലോകകപ്പ് ആകെ മല്‍സരങ്ങള്‍: 14, ലോകകപ്പ് വിജയം: 1958, 1962, 1970, ലോകകപ്പ് ഗോള്‍: സ്വീഡന് 1958 ല്‍ 6, ചിലി 1962 ല്‍ 1 , ഇംഗ്ലണ്ട് 1966 ല്‍ 1 , മെക്സിക്കോ 1970 ല്‍ 4 , ആകെ 12 ഗോളുകള്‍, കോപ അമേരിക്ക ടോപ് സ്കോറര്‍: 1959
ബഹുമതികള്‍-ഫിഫാ പ്ലെയര്‍ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓര്‍ഡര്‍ ഓഫ് മെറിറ്റ്: 2004 ,ഐഒസി അത്ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്ബോളര്: 1973, ഫിഫാ ലോകകപ്പ് മികച്ച കളിക്കാരന്: 1970, ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരന്: 1958