ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്ക് തിരിച്ചടി ആയത് ജനങ്ങളോട് ബന്ധം ഇല്ലാത്തത് കൊണ്ടാണ് എന്ന് പിസി ജോർജ്.വോട്ട് പിടിക്കാൻ അനിൽ വളരെയധികം ബുദ്ധിമുട്ടി. അനിലിനെ പോലെ ആരുമായും ബന്ധമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ല. കോൺഗ്രസ് നേതാവും പിതാവുമായ എകെ ആൻ്റണിയും മകനെ തള്ളിപ്പറഞ്ഞു. ഇത് പേരുദോഷമായി. ജയിക്കാവുന്ന സീറ്റ് അനിൽ നശിപ്പിച്ചു. സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ വളരെയധികം ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളവരെയോ നാട്ടിൽ അറിയപ്പെടുന്നവരെ സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരയോ ആണ് സ്ഥാനാർഥിയാക്കേണ്ടത്. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യം ഉണ്ടാകും. അല്ലെങ്കിൽ പാർട്ടിക്ക് സ്വന്തം വോട്ട് ഉണ്ടാകണമെന്നും പിസി ജോർജ് വിമർശിച്ചു.
ഭാവിയുള്ള ചെറുപ്പക്കാരനായിരുന്നു അനിൽ ആൻറണി. പാർലമെൻറിലേക്ക് മത്സരിപ്പിച്ച് ഭാവി നശിപ്പിക്കരുതായിരുന്നു. കേരളവുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അനിൽ. ഞാൻ ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിച്ചതോടെയാണ് അനിലിന് പലയിടത്തും ഭൂരിപക്ഷം ലഭിച്ചത്. പൂഞ്ഞാർ മണ്ഡലത്തിൽ അനിൽ ലീഡ് ചെയ്തു. പൂഞ്ഞാർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു. എന്നാൽ മുണ്ടക്കയം മേഖലയിൽ തകർന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെത്തി പ്രചാരണം നടത്തിയിട്ടും അനിൽ ആൻറണിയിലൂടെ പത്തനംതിട്ടയിൽ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു അനിലിൻറെ സ്ഥാനം. 367623 വോട്ടുകൾ സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർഥി ആൻറോ ആൻറണി ലോക്സഭയിലേക്ക് ടിക്കറ്റെടുത്തപ്പോൾ 234406 വോട്ടുകൾ മാത്രമാണ് അനിൽ ആൻറണി നേടിയത്