ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി സൂപ്പര്‍ താരം പാറ്റ് കമിന്‍സ് ടീം വിട്ടു. ഇടുപ്പിന് പരുക്കേറ്റ കമിന്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ടീം ക്യാംപ് വിട്ട കമിന്‍സ് ഓസ്ട്രേലിയയിലേക്ക് മടങ്ങും.
അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് പരുക്ക് ഭേദമായി കമിന്‍സിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകന് കൂടിയാണ് കമിന്‍സ്. ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ കമിന്‍സ് കൊല്‍ക്കത്തക്കായി കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്റെ പാക്കിസ്ഥാന് പര്യടനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു കമിന്‍സ് ഐപിഎല്ലില്‍ ടീമിനൊപ്പം ചേര്‍ന്നത്.
എന്നാല്‍ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന കമിന്‍സിനെ പിന്നീട് കൊല്‍ക്കത്ത ബെഞ്ചിലിരുത്തി. ന്യൂസിസലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് പിന്നീടുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായി പന്തെറിഞ്ഞത്. എന്നാല്‍ മുംബൈക്കെതിരായ കൊല്‍ക്കത്തയുടെ അവസാന മത്സരത്തില്‍ ടീമിലെത്തിയ കമിന്‍സ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു.