ബി ജെ പി അടുത്തതായി ലക്ഷ്യമിടുന്നത് പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്. ആഞ്ഞ് ശ്രമിച്ചാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് പാർട്ടി ഉറച്ച് വിശ്വസിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും ഷാഫി പറമ്പില്‍ മാറിയതും ബി ജെ പി ഗുണകരമായി കാണുന്നു.അതേ സമയം മണ്ഡലത്തില്‍ ഷാഫി പറമ്പിലിനുള്ള വ്യക്തി സ്വാധീനവും സി പി എം ക്രോസ് വോട്ട് ചെയ്തതുമാണ് കഴിഞ്ഞ തവണ യു ഡി എഫ് വിജയത്തില്‍ നിർണ്ണായകമായതെന്ന വിലയിരുത്തല്‍ ബി ജെ പിക്കുണ്ട്. ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥി ആരായാലും തന്നെ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ അത്ര സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ബി ജെ പി കണക്ക് കൂട്ടുന്നു.ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പിയില്‍ സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. സി കൃഷ്ണകുമാർ, ശോഭ സുരേന്ദ്രന്, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് ബി ജെ പിയില്‍ നിന്നും പ്രധാനമായി ഉയർന്ന് കേട്ടിരുന്നത്. എന്നാല്‍ പ്രാദേശിക ഘടകത്തിനും ജില്ലാ ഘടകത്തിനും താല്പര്യം സി കൃഷ്ണകുമാറിനോടാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന്റെ കാര്യത്തില്‍ എതിർപ്പില്ല. ശോഭ സുരേന്ദ്രന് മികച്ച നേതാവാണെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക മണ്ഡലത്തെ അടുത്ത് അറിയുന്ന സി കൃഷ്ണകുമാറാണെന്ന നിലപാടും മണ്ഡല-ജില്ലാ നേതൃത്വങ്ങളുണ്ട്. പ്രാദേശിക തലത്തില്‍ നിന്നും ഒരു പേര് മാത്രമാണ് വന്നതെങ്കിലും സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്, സന്ദീപ് വാര്യർ എന്നിവരുടെ പേരും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് മുന്നില്‍ സമർപ്പിച്ചേക്കും.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ മികച്ച പ്രകടനം സംസ്ഥാനത്ത് മാത്രമല്ല, ദേശീയ നേതൃത്വത്തിന് മുന്നില്‍ ശോഭ സുരേന്ദ്രന്റെ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്.